ഷാർജ: യു.എ.ഇ.യിലെ സ്‌കൂളുകളിൽ പുതിയ അധ്യയനവർഷം ആരംഭിക്കവേ മക്കൾക്ക് സീറ്റുകൾ തേടി രക്ഷിതാക്കളും നെട്ടോട്ടം തുടങ്ങി. ഏപ്രിൽ ആദ്യവാരമാണ് പുതിയ അധ്യയനവർഷം തുടങ്ങുന്നത്. അതിനുമുമ്പ്‌ സ്‌കൂളുകൾക്ക് കുട്ടികളുടെ പ്രവേശനനടപടികളും പൂർത്തിയാക്കേണ്ടതുണ്ട്.

താരതമ്യേന ഫീസ് കുറഞ്ഞ സ്‌കൂളുകൾ തേടുന്ന രക്ഷിതാക്കളാണ് ഭൂരിഭാഗവും. അതിനാൽ പരിമിതമായ സീറ്റുകളുള്ള സ്‌കൂളുകളിൽ സാധാരണക്കാരായ കുട്ടികൾക്ക് എങ്ങനെ പ്രവേശനം നൽകുമെന്ന പ്രതിസന്ധി സ്‌കൂൾ അധികൃതരും നേരിടുകയാണ്.

മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഷാർജയിൽ ഫീസ് പൊതുവേ കുറഞ്ഞ ഇന്ത്യൻ സ്‌കൂൾ തന്നെയാണ് സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളുടെ ഏകാശ്രയം. കുടുംബങ്ങൾ കൂടുവിട്ട് നാട്ടിലേക്ക് സ്ഥിരതാമസത്തിനായി പോകുന്നുണ്ടെങ്കിലും അതിൽ കൂടുതൽ പുതിയ ആളുകൾ നാട്ടിൽനിന്നും തിരിച്ചുവരുന്നുണ്ടെന്നതും യാഥാർഥ്യമാണ്.

ഷാർജ ഇന്ത്യൻ സ്‌കൂളിൽ പ്രവേശനംതേടി ഓൺലൈനിലൂടെ അപേക്ഷിച്ച കുട്ടികളിൽനിന്നും ശനിയാഴ്ച മുതൽ രജിസ്‌ട്രേഷൻ ഫീസ് സ്വീകരിക്കാൻ തുടങ്ങും. 4800-ഓളം കുട്ടികൾ കെ.ജി. ക്ലാസുകൾ മുതൽ ഗ്രേഡ് ഒമ്പതുവരെയും ഗ്രേഡ് 11 -ലേക്കും ഇന്ത്യൻ സ്‌കൂളിൽ ഇതുവരെയായി അപേക്ഷിച്ചിട്ടുണ്ട്. നിലവിലെ സൗകര്യത്തിന്റെ അടിസ്ഥാനത്തിൽ (ഗേൾസ്, ബോയ്‌സ് സ്‌കൂളുകളിൽ) പരമാവധി 1300 കുട്ടികൾക്കുമാത്രമേ പുതുതായി പ്രവേശനം നൽകാൻ സാധിക്കുകയുള്ളൂ. ഒരു ക്ലാസിൽ 25 കുട്ടികളിൽ കൂടുതൽ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രാലയത്തിന്റെ നിയമവും നിലവിലുണ്ട്. എന്നാൽ കമ്യൂണിറ്റി സ്‌കൂളായതിനാൽ അതിൽ നേരിയ ഇളവുലഭിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൂൾ അധികൃതർ. ചില ക്ലാസുകളിൽ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന പക്ഷം ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തുന്ന കാര്യവും പരിഗണനയിലാണ്.

ഷാർജ ഇന്ത്യൻ സ്‌കൂളിൽ അപേക്ഷിച്ച കുട്ടികളിൽനിന്ന്‌ ഭാഗ്യനറുക്കെടുപ്പിലൂടെ 200 കുട്ടികൾക്കുവരെ പ്രവേശനം നൽകാനും ശ്രമം നടക്കുന്നു. അസോസിയഷൻ അംഗങ്ങളുടെ കുട്ടികൾ പ്രവേശനത്തിനായി അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവർക്കായിരിക്കും പ്രഥമ പരിഗണന. അപേക്ഷിച്ച മുഴുവൻ കുട്ടികൾക്കും ഇന്ത്യൻ സ്‌കൂളിൽ പ്രവേശനം നൽകണമെന്നാണ് മാനേജ്‌മെന്റിന്റെ ആഗ്രഹമെന്നും അതിനുള്ള ശ്രമം നടത്തുന്നുണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പറഞ്ഞു.