ഷാർജ: 37 വർഷത്തിനുശേഷം ഷാർജയിൽ പ്രകൃതിവാതക ശേഖരം കണ്ടെത്തി. മഹാനി വൺ പര്യവേക്ഷണക്കിണർ 14,597 അടി ആഴത്തിൽ കുഴിച്ചെത്തിയപ്പോഴാണ് പ്രകൃതിവാതകത്തിന്റെ വൻശേഖരം കണ്ടെത്തിയത്. ഇവിടെ പ്രതിദിനം 500 ലക്ഷം ഘനയടി വാതകം ഉത്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷ. ഷാർജ നാഷണൽ ഓയൽ കോർപ്പറേഷനും (എസ്.എൻ.ഒ.സി.) ഇറ്റാലിയൻ പങ്കാളിയായ ഇ.എൻ.ഐ. യും ചേർന്നാണ് പുതിയ പ്രകൃതിവാതകകേന്ദ്രം കണ്ടെത്തിയ വിവരം പുറത്തുവിട്ടത്.

ചരിത്രപരമായ ഈ കണ്ടെത്തൽ ഷാർജയുടെ സാമ്പത്തിക സ്രോതസ്സുകൾ മെച്ചപ്പെടുത്തുമെന്നും യു.എ.ഇ. യുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുമെന്നും ഷാർജ ഉപഭരണാധികാരിയും ഷാർജ ഓയിൽ കൗൺസിൽ ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമി പറഞ്ഞു. ഷാർജ വ്യവസായമേഖലയ്ക്കും ഇത് ഗുണംചെയ്യും. മഹാനി പര്യവേക്ഷണക്കിണർ കണ്ടെത്തൽ ഷാർജയെ ഒരു സുരക്ഷിത ആഗോള സാമ്പത്തിക മേഖലയായും പ്രദേശത്തെ പ്രധാന വാതക വിതരണ കേന്ദ്രമായും മാറ്റുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

കൂടുതൽ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ മറ്റ് വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷ. ഏരിയ ബി കൺസെഷനിൽ സ്ഥിതിചെയ്യുന്ന മഹാനി വൺ എസ്.എൻ.ഒ.സി. നടത്തുന്ന ആദ്യത്തെ പര്യവേഷണക്കിണറാണിത്. ഏരിയ-ബിയുടെ ഓപ്പറേറ്ററായ എസ്.എൻ.ഒ.സി. യും എൻ.എൻ.ഐ. യും 2019-ന്റെ തുടക്കത്തിൽ ഒപ്പുവെച്ചകരാറിന്റെ അടിസ്ഥാനത്തിൽ 50 ശതമാനം ഓഹരി കൈവശംവെച്ചിട്ടുണ്ട്. ഷാർജ തീരപ്രദേശത്തുള്ള കൺസെഷൻ മേഖലകളായ എ.സി. എന്നിവയിലും രണ്ട് കമ്പനികളും പങ്കാളികളാണ്.

ഷാർജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ, ശൈഖ് അഹമ്മദ് ബിൻ സുൽത്താൻ അൽ കാസിമി അഭിനന്ദനം അറിയിച്ചു. എമിറേറ്റിന്റെ വിഭവങ്ങൾ ശക്തിപ്പെടുത്തുന്നതിനും ഊർജ കരുതൽശേഖരത്തിൽ സംഭാവന ചെയ്യുന്നതിനും രാജ്യത്ത് സുസ്ഥിരവികസനവും നല്ല സാമ്പത്തിക അന്തരീക്ഷവും സൃഷ്ടിക്കുന്നതിനും സജ്ജമാക്കിയ ചരിത്രപരമായ കണ്ടെത്തലാണിതെന്ന് ശൈഖ് അഹമ്മദ് പറഞ്ഞു.

പാർപ്പിട, വ്യാവസായിക, പൊതു ഉപയോഗങ്ങൾക്കും വർധിച്ചുവരുന്ന ഊർജ ആവശ്യകത നിറവേറ്റുന്നതിന് രാജ്യത്തെ സഹായിക്കാൻ ഇത് ഉപകരിക്കും. ഷാർജയുടെ വ്യാവസായിക മേഖലയിലേക്ക് കൂടുതൽനിക്ഷേപം ആകർഷിക്കാനും പുതിയ വാതകകേന്ദ്രം വഴി സാധ്യമാവും. കൂടുതൽ വ്യാവസായിക നിക്ഷേപം ഷാർജയിലേക്ക് ആകർഷിക്കാനും കൂടുതൽ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കാനും ഇത് സഹായിക്കും. സാമ്പത്തിക ചലനാത്മകത, ഉയർന്ന ജി.ഡി.പി., സാമ്പത്തിക വൈവിധ്യം എന്നിവയ്ക്കുള്ള ഊർജസ്വലമായ ആഗോള സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി മാറുന്ന നിരവധി സവിശേഷഗുണങ്ങൾ ഷാർജയ്ക്കുണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

ഷാർജ ഭരണാധികാരിയുടെ കാഴ്ചപ്പാടിന് അനുസൃതമായുള്ള ഗ്യാസ് ഫീൽഡ് കണ്ടെത്തലിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ച് ഷാർജ തുറമുഖ കസ്റ്റംസ് വകുപ്പ് ചെയർമാൻ ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി ഊന്നിപ്പറഞ്ഞു. കണ്ടെത്തൽ എമിറേറ്റിന് ഒരു വലിയനേട്ടമായി അടയാളപ്പെടുത്തുന്നുവെന്നും കൂടുതൽ വ്യാവസായിക വാണിജ്യപദ്ധതികൾ സൃഷ്ടിച്ച് എല്ലാ മേഖലകളെയും പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെന്നും ശൈഖ് ഖാലിദ് വ്യക്തമാക്കി.