ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ കൾച്ചറൽ കമ്മിറ്റി വിവിധ പരിപാടികളോടെ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യയിലെ ആദ്യ ഗ്രാമി അവാർഡ് ജേതാവായ പണ്ഡിറ്റ് വിശ്വമോഹനഭട്ട് രൂപകൽപ്പന ചെയ്ത തന്ത്രിവാദ്യമായ മോഹനവീണ വായിച്ച് പോളി വർഗീസ് ദേശീയദിനാഘോഷത്തിന് മാറ്റുകൂട്ടി. 22 തന്ത്രികളുള്ള മോഹനവീണയിൽ രണ്ട് തന്ത്രികൾ പോളി വർഗീസ് കൂട്ടിച്ചേർത്തതാണ്.

ഇന്ത്യൻ ശാസ്ത്രീയ സംഗീതത്തിന്റെ സുപ്രധാന ഘടകമായി മാറിക്കഴിഞ്ഞ മോഹനവീണാവായനയിൽ, ബംഗാളി സൂഫി സംഗീതം പഠിച്ച ബാവുൽ ഗായകനായ പോളി വർഗീസ് അവതരിപ്പിച്ച കബീറിയൻ സംഗീതവും ഷാർജയിലെ സദസ്സ് കൈയടിച്ച് പ്രോത്സാഹിപ്പിച്ചു. ഷാർജ ഇന്ത്യൻ സ്കൂളിലെ സംഗീതാധ്യാപകനായ അനിൽകുമാറും പോളിയുടെകൂടെ പങ്കുചേർന്നു.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ ദേശീയദിനാഘോഷം ഉദ്ഘാടനം ചെയ്തു. അബ്ദുല്ല മല്ലച്ചേരി, സ്കൂൾ പ്രിൻസിപ്പൽമാരായ പ്രമോദ് മഹാജൻ, ആന്റണി ജേക്കബ്, ജയനാരായണൻ എന്നിവർ പ്രസംഗിച്ചു. കെ. ബാലകൃഷ്ണൻ നന്ദി പറഞ്ഞു. ഇന്ത്യൻ സ്കൂൾ കുട്ടികളുടെ വിവിധ പരിപാടികളും ഉണ്ടായിരുന്നു.