ഷാർജ: സമൂഹത്തിലെ കുഴപ്പങ്ങളെക്കുറിച്ച് പലവിധ വ്യാഖ്യാനങ്ങൾ നടത്താമെങ്കിലും എല്ലാത്തിന്റെയും അടിസ്ഥാനപ്രശ്നം കുടുംബങ്ങളുടെ ദൈവബന്ധം കുറഞ്ഞുപോവുന്നു എന്നതുതന്നെയാണെന്ന് മലങ്കര കത്തോലിക്കാസഭാ കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.

ആഗോള സിറിയൻ ഓർത്തോഡോക്സ് ചർച്ചിന്റെ യു.എ.ഇ. മേഖലാ കുടുംബസംഗമം ഷാർജയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവത്തോട് അടുത്തുനിന്ന് പ്രാർഥിക്കാൻ കഴിയുന്നില്ലെങ്കിൽ അത് ദൈവത്തിന്റെ കുറവല്ല, നമുക്കുണ്ടായ കുറവുകൾ നമ്മെ സമ്മർദത്തിൽപ്പെടുത്തുന്നതാണെന്ന് തിരിച്ചറിയാൻ കഴിയണം. ദൈവവും കാലവും മാറ്റമില്ലാതെ തുടരുന്നു. മാറ്റം നടക്കുന്നത് നമ്മുടെ മനസ്സുകളിലാണ്. ദൈവത്തിന്റെ പദ്ധതിയിൽ നാം ആരെന്ന് നാം സ്വയം തിരിച്ചറിയുക എന്നതുമാത്രമാണ് ഇതിന് പരിഹാരം. സഭാവിശ്വാസികൾ തമ്മിൽ പരസ്പര സ്നേഹത്തോടെ ജീവിതം നയിക്കണമെന്നും കാതോലിക്കാ ബാവ ഓർമിപ്പിച്ചു. പ്രതിസന്ധിയുടെ പ്രയാസമേറിയ വഴികളിലൂടെ കടന്നുപോവുന്ന യാക്കോബായ സഭാ വിശ്വാസികളുടെ പ്രശ്നങ്ങളെക്കുറിച്ച് ബോധ്യമുണ്ടെന്നും അവർ പ്രാർഥനയിലും വിശുദ്ധ കുർബാനയിലുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഷാർജ സെയ്ന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോരോ പാത്രിയാർക്കൽ കത്തീഡ്രലിൽ ‘ഗെൻസോ- 2019’ എന്നപേരിൽ പാത്രിയാർക്കൽ വികാരി ഐസക് മോർ ഒസ്താത്തിയോസിന്റെ നേതൃത്വത്തിലായിരുന്നു സംഗമം നടന്നത്. യു.എ.ഇ.യിലെ സഭാ വിശ്വാസികൾക്ക് പരസ്പര സ്നേഹം പങ്കിടാനും പ്രവാസത്തിന്റെ സമ്മർദങ്ങളിൽനിന്ന് മോചനംനൽകാനുമാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് ഐസക് മോർ ഒസ്താത്തിയോസ് പറഞ്ഞു.

ആത്മീയപ്രഭാഷണം, പാത്രിയാർക്കൽ പതാക ഘോഷയാത്ര, സെമിനാറുകൾ, കുടുംബനവീകരണ ക്ലാസ്, കൗമാരക്കാർക്ക് വേണ്ടിയുള്ള കൗൺസലിങ്, ഇടവകാംഗങ്ങളുടെ കലാപരിപാടികൾ എന്നിവ ഉൾപ്പെടുത്തിയാണ് കുടുംബസംഗമം നടത്തിയത്. ഡോ. സി.ഡി. വർഗീസ് മുഖ്യപ്രഭാഷണം നടത്തി. ഫാ. സജേഷ് മാത്യു, ഫാ. അരുൺ സി. എബ്രഹാം, ഫാ. ജിജാൻ എബ്രഹാം എന്നിവർ സംസാരിച്ചു. മേഖലാസെക്രട്ടറി പൗലോസ് കാളിയമ്മേലിൽ കോർ എപിസ്‌കോപ്പ, ആത്മായ സെക്രട്ടറി സണ്ണി എം. ജോൺ, ട്രസ്റ്റി ഐപ്പ് സി. കുര്യൻ എന്നിവരും പങ്കെടുത്തു.

പ്രശ്നങ്ങൾ ചർച്ചകളിലൂടെ രമ്യമായി പരിഹരിക്കപ്പെടും

യാക്കോബായ-ഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മലങ്കര കത്തോലിക്കാ സഭാ കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു. സഭാവിശ്വാസികൾ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. വിശ്വാസിസമൂഹത്തിന്റെ വിഷമതകൾ പരിഹരിക്കാൻ പലതലങ്ങളിലുള്ള ചർച്ചകൾ നടക്കുന്നുണ്ട്. ക്രൈസ്തവരീതിയിലുള്ള ഒരു പ്രശ്നപരിഹാര ഫോർമുല ഉരുത്തിരിഞ്ഞുവരുമെന്നാണ് കരുതുന്നതെന്ന് ബാവ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

സ്നേഹപൂർണമായ സമീപനം എടുക്കേണ്ട സമയമാണിത്. യാക്കോബായ സുറിയാനി സഭയുടെ പ്രയാസമേറിയ ഈ കാലഘട്ടത്തിൽ അവർക്കൊപ്പം നിൽക്കുന്നു. വേദനിക്കുന്നവരെ സഹായിക്കുകയും അവരുടെ പക്ഷം ചേരുകയുംചെയ്യുക എന്നത് എല്ലാവരുടെയും കടമമാണ്. ഈ വിഷയങ്ങളിലെല്ലാം സുവിശേഷാധിഷ്ഠിതമായ പരിഹാരം ഉണ്ടാകണമെന്നാണ് സഹോദരി സഭയെന്ന നിലയിലുള്ള നിർദേശം. ഇതിന് സ്ഥായിയായ ക്രമീകരണങ്ങൾ ഉണ്ടാകണം. പരസ്പരവിശ്വാസത്തിലും ഐക്യത്തിലും അധിഷ്ഠിതമായ സമീപനം ഉണ്ടാവണമെന്നും കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ക്ലീമിസ് കാതോലിക്കാ ബാവ പറഞ്ഞു.