ഷാർജ: അർബുദരോഗികൾക്കായി നിശ്ചയദാർഡ്യക്കാരിയായ പതിനൊന്നുവയസ്സുള്ള മീനാക്ഷിയും തലമുടി ദാനം ചെയ്തു.

അർബുദരോഗികൾക്കായി പ്രവർത്തിക്കുന്ന ‘ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യന്റ്’ (എഫ്.ഒ.സി.പി.) എന്ന സംഘടനയ്ക്കാണ് മീനാക്ഷി തലമുടി നൽകിയത്. അർബുദ രോഗികൾ, രോഗത്തെ അതിജീവിച്ചവർ, രോഗികളെ ശുശ്രൂഷിക്കുന്നവർ എന്നിവരെ സഹായിക്കുന്നതിനായി അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ (എ.യു.എസ്.) അത്‌ലറ്റ് ട്രാക്കിൽ നടന്ന വാക്കത്തോൺ ചടങ്ങിനിടെയാണ് തലമുടി ദാനം.

തൃശ്ശൂർ കൊരട്ടി സ്വദേശികളായ ബിനുവിന്റെയും രശ്മിയുടേയും മകളാണ് മീനാക്ഷി. ചെറുപ്പത്തിലേ സെറിബ്രൽ പാൾസി ബാധിച്ച മീനാക്ഷിയുടെ ദൈന്യാവസ്ഥ അനുഭവിച്ചറിഞ്ഞ രക്ഷിതാക്കളായ ബിനുവും രശ്മിയും അർബുദരോഗികൾക്ക് തങ്ങളാൽ കഴിയുന്ന സഹായം ചെയ്യുകയായിരുന്നു.

മകളുടെ അനാരോഗ്യം അവളെ അറിയിക്കാതിരിക്കാനായി കലാ സാംസ്കാരിക പ്രവർത്തനങ്ങളിലും സജീവമായി മീനാക്ഷിയെ പങ്കെടുപ്പിക്കുകയും അതിനായി പരിശീലനം നൽകുകയും ചെയ്യുന്നു ഇരുവരും. അർബുദരോഗികൾക്കായി മീനാക്ഷിയുടെ സദ്പ്രവർത്തിക്ക് എഫ്.ഒ.സി.പി. അധികൃതർ നന്ദി അറിയിക്കുകയും ചെയ്തു.