ഷാർജ: ആദ്യഫലപ്പെരുന്നാൾ ഒരുമയുടെയും കൂട്ടായ്മയുടെയും ആഘോഷമാണെന്നും അതുവഴി പങ്കിടലിന്റെ അനുഗ്രഹം ആഘോഷമാക്കി മാറ്റാമെന്നും അട്ടപ്പാടി സെയ്‌ന്റ് പോൾസ് മിഷൻ ഡയറക്ടർ യൂഹാനോൻ റമ്പാൻ പറഞ്ഞു.

ഷാർജ സെയ്ന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ ഈ വർഷത്തെ ആദ്യഫല പെരുന്നാൾ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ഫാ. ജോജി കുര്യൻ തോമസ് അധ്യക്ഷത വഹിച്ചു.

മോൻസ് ജോസഫ് എം.എൽ.എ., ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഇ.പി. ജോൺസൺ, സഹവികാരി ഫാ. ജോയ്‌സൺ തോമസ്, സഭാ മാനേജിങ് കമ്മിറ്റിയംഗം കെ.ജി. നൈനാൻ, ഭദ്രാസന കൗൺസിൽ അംഗം ജോൺ മത്തായി, ട്രസ്റ്റി രാജു തോമസ്, സെക്രട്ടറി തോമസ് പി. മാത്യു എന്നിവർ നേതൃത്വം നൽകി.

രാവിലെ പത്തുമുതൽ രാത്രിവരെ നീണ്ട ആഘോഷ പരിപാടികളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ഇടവകാംഗങ്ങൾ തയ്യാറാക്കിയ നാടൻഭക്ഷണങ്ങൾ ഉൾപ്പെടെയുള്ള ഫുഡ് സ്റ്റാളുകൾ, ചെണ്ടമേള, ശിങ്കാരിമേളം, മിമിക്സ്, ഗാനമേള എന്നിവയുമുണ്ടായിരുന്നു.