ഷാർജ: ലോകത്തെ മുൻനിര വിദേശനിക്ഷേപ ചർച്ചാവേദികളിലൊന്നായ ഷാർജ എഫ്.ഡി.ഐ. ഫോറത്തിന്റെ അഞ്ചാംപതിപ്പ് ഷാർജ ഭരണാധികാരിയും യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്‌ഘാടനം ചെയ്തു.

യു.എ.ഇ. ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി ആമുഖ പ്രഭാഷണം നടത്തി. ഷുറൂഖ് എക്സിക്യുട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാൽ, ഗൂഗിൾ എഎക്സിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസറും എഴുത്തുകാരനുമായ മോ ഗൗതത്ത് എന്നിവർ സംബന്ധിച്ചു.

ആഗോള സാമ്പത്തികമേഖല പ്രതിസന്ധികൾ നേരിടുമ്പോഴും യു.എ.ഇ. സമ്പദ്ഘടന കൈവരിച്ച വളർച്ചയിലേക്ക് വെളിച്ചം വീശിയാണ് വിദേശ നിക്ഷേപത്തിന്റെ ഭാവിസാധ്യതകൾ എന്ന പ്രമേയത്തിലൊരുക്കിയ ഷാർജ വിദേശ നിക്ഷേപ ഫറത്തിന്‌ ഷാർജ ജവാഹിർ കൺവെൻഷൻ സെന്ററിൽ തുടക്കം കുറിച്ചത്.

വൈവിധ്യമാർന്ന വിദേശ നിക്ഷേപനിയമങ്ങൾ രാജ്യത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടുന്നുണ്ടെന്നും ആഗോളതലത്തിലെ പ്രതികൂല കാലാവസ്ഥയിലും യു.എ.ഇ. പുലർത്തിയ സ്ഥിരതയിൽ ഈ വൈവിധ്യത്തിനും സാമ്പത്തിക നയങ്ങൾക്കും നിർണായക പങ്കുണ്ടെന്നും ധനമന്ത്രി സുൽത്താൻ ബിൻ സയീദ് അൽ മൻസൂറി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. വിദേശനിക്ഷേപ കാര്യക്ഷമതയുടെ കാര്യത്തിൽ ഏഷ്യൻതലത്തിൽ രണ്ടാമതും ലോകത്ത് ഇരുപത്തിയേഴാം സ്ഥാനത്തുമാണ് യു.എ.ഇ. 2018- ലെ എഫ്.ഡി.ഐ. നിയമം ഈ വളർച്ചയുടെ ആക്കം കൂട്ടുന്നുണ്ട്. കാർഷികം, സാങ്കേതികം, ഊർജം എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളിയായി 122-ൽ അധികം വിദേശ നിക്ഷേപം ആകർഷിക്കാനായി. പുതിയ റെസിഡൻസിനിയമവും ഗോൾഡൻ കാർഡ് സംവിധാനവുമെല്ലാം വിദേശ നിക്ഷേപത്തെ സഹായിക്കുന്ന മറ്റു ഘടകങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇരുപത് വർഷത്തിനിടെ സംഭവിച്ച അതിവേഗ സാങ്കേതിക പുരോഗതിയെക്കുറിച്ചും യു.എ.ഇ.യും ഷാർജയും ആ വേഗത്തോടൊപ്പം സഞ്ചരിക്കാൻ നടത്തുന്ന ശ്രമങ്ങളേക്കുറിച്ചും ശുറൂഖ് എക്സിക്യുട്ടീവ് ചെയർമാൻ മർവാൻ ബിൻ ജാസിം അൽ സർക്കാൽ വിശദീകരിച്ചു.

ഷാർജ പബ്ലിഷിങ് സിറ്റി ഫ്രീസോണും ഇൻവെസ്റ്റ് ഇൻ ഷാർജയും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്നതിനും ഷാർജ എഫ്.ഡി.ഐ. ഫോറം വേദിയായി. വിദേശനിക്ഷേപങ്ങൾ കണ്ടെത്തുന്നതിലും വ്യാപാര ബന്ധങ്ങളുണ്ടാക്കുന്നതിലും പരസ്പരം സഹകരിക്കാൻ രണ്ടുകൂട്ടരും ധാരണയിലെത്തി.

ശുറൂഖ് എക്സിക്യുട്ടീവ് ചെയർമാൻ മർവാൻ അൽ സർക്കാലിന്റെയും ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹ്മദ് അൽ അമേരിയുടെയും സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പുവെച്ചത്. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫോറത്തിൽ ലോകത്തെ മുൻനിര സാമ്പത്തിക വിദഗ്ധരും നിക്ഷേപകരും സർക്കാർ പ്രതിനിധികളുമടക്കം 54 പ്രഭാഷകരുണ്ട്. ആയിരത്തിയഞ്ഞൂറോളം പേരാണ് ഷാർജ എഫ്.ഡി.ഐ. ഫോറത്തിന്റെ ഭാഗമാവുന്നത്. ഫോറം ശനിയാഴ്ച സമാപിക്കും.

ഷാർജ നിക്ഷേപവികസന കേന്ദ്രം (സയീദ്)

എമിറേറ്റിന്റെ ഏതു ഭാഗത്തുമുള്ള നിക്ഷേപസംബന്ധമായ എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന പുതിയ കേന്ദ്രമാണ് സയീദ്. മികച്ച പരിശീലനം നേടിയ സേവനദാതാക്കളും ഏറ്റവും നൂതനമായ ആശയവിനിമയ സംവിധാനങ്ങളും ഏകോപിപ്പിക്കുന്ന സേവന കേന്ദ്രം പുതിയ ബിസിനസുകൾ ആരംഭിക്കാനുള്ള നടപടിക്രമങ്ങളുടെ വേഗം കൂട്ടും. നിക്ഷേപ അനുമതി പത്രങ്ങൾ, രേഖ പുതുക്കൽ തുടങ്ങിയ നടപടിക്രമങ്ങളും കൂടുതൽ സുതാര്യവും വേഗത്തിലുമാവും.

വിവിധ സർക്കാർ വകുപ്പുകളിലെ നിക്ഷേപസംബന്ധമായ പ്രവർത്തനങ്ങൾ ശുറൂഖിന്റെ നേതൃത്വത്തിൽ ഏകോപിപ്പിക്കുന്നതിലൂടെ ഓരോ അനുമതിക്കും വേണ്ടി വരുന്ന സമയം പകുതിയിലേറെ കുറയ്ക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കുന്നതോടൊപ്പം തന്നെ നിക്ഷേപ സാധ്യതകളെക്കുറിച്ചും ആവശ്യമുള്ള രേഖകളെക്കുറിച്ചുമെല്ലാം ആധികാരികമായ വിവരങ്ങളും ഈ കേന്ദ്രത്തിൽ നിന്ന് ലഭ്യമാവും. അൽ ഖസ്ബ ആസ്ഥാനമാക്കിയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം.