ഷാർജ: പാലയടക്കം ആറ് നിയമസഭാമണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം കേരളത്തിലെ ഇടതുപക്ഷഭരണത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. ഷാർജ യുവകലാസാഹിതിയുടെ യുവകലാസന്ധ്യയിൽ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി.

അരൂർ സീറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് പറയുമ്പോഴും 55 വർഷം കെ.എം. മാണിയുടെ കൈയിലുണ്ടായ പാല എൽ.ഡി.എഫ്. പിടിച്ചെടുത്തത് മറന്നുകൂടാ. കേരളത്തിൽ ഇടതുപക്ഷത്തിന് തുടർഭരണത്തിന്റെ സാധ്യതയാണ് ഉപതിരഞ്ഞെടുപ്പ് ഫലസൂചന നൽകുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുന്നണിക്ക്‌ സംഭവിച്ച ദയനീയപരാജയം ഉൾക്കൊള്ളുന്നെങ്കിലും അത് സ്ഥായിയായ പരാജയമല്ലെന്നാണ് ഉപതിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ അഭിമാനവിജയമെന്നും മന്ത്രി ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.

സി.പി.ഐ. ദേശീയ കൗൺസിൽ അംഗം കൂടിയായ മന്ത്രിക്ക്‌ ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവകലാസാഹിതി പ്രവർത്തകർ സ്വീകരണം നൽകി. ഭാരവാഹികളായ പ്രശാന്ത്, വിത്സൺ തോമസ്, പ്രദീഷ് ചിതറ, ബിജു ശങ്കർ, വി.പി. ദിലീപ്, ജിബി ബേബി, സുബീർ ആരോൾ, മാധവൻ ബേനൂർ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.