ഷാർജ: ഷാർജയിലെ പാക്കിങ് കമ്പനിയിലെ ജോലിക്കായി ഒരുലക്ഷം രൂപ വീതം നൽകി കബളിപ്പിക്കപ്പെട്ട അഞ്ചു മലയാളികൾ ദുരിതത്തിൽ. കോട്ടയം കറുകച്ചാൽ സ്വദേശികളായ അഭിനേഷ്, വിപിൻ, ഷോബിൻ, ശരത്, മാത്യൂസ് എന്നിവരാണ് ഇവിടെയെത്തി ബുദ്ധിമുട്ടിലായത്.

മൂന്നുമാസത്തെ സന്ദർശകവിസയാണ് ഏജന്റ് അയച്ചുകൊടുത്തത്. ഷാർജയിലെത്തി ഒരുമാസം പിന്നിട്ടു. കിടപ്പാടവും സ്വർണവും പണയപ്പെടുത്തിയാണ് ചെന്നൈയിലുള്ള ഏജന്റിന് പണംകൊടുത്തത്. ഇപ്പോൾ പണിയുമില്ല പണവുമില്ല എന്ന അവസ്ഥയിലാണ്. വീട്ടിലെ കഷ്ടപ്പാടിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് കടൽകടന്നതെങ്കിലും ഇപ്പോൾ കൂടുതൽ കഷ്ടത്തിലായെന്ന് അഞ്ചുപേരും പറയുന്നു. ഷാർജ റോളയിലെ കുടുസ്സുമുറിയിൽ കൃത്യമായി ഭക്ഷണംപോലും ഇല്ലാതെ കഴിയുകയാണിവർ.

നാട്ടിലെ ഒരുപരിചയക്കാരൻ മുഖേനയാണ് ചെന്നൈയിലുള്ള ഏജന്റിന് ബാങ്ക് അക്കൗണ്ട് വഴി അഞ്ചുപേരും പണമയച്ചുകൊടുത്തത്. തുടർന്ന് ഒരു വെള്ളക്കടലാസിൽ ഷാർജയിലെ ജോലിക്കുള്ള ‘കരാർ’ ഇ-മെയിൽവഴി അയച്ചുകൊടുത്തു. കരാറിൽ പാക്കിങ് ജോലിയാണെന്നും 1350 ദിർഹം മാസശമ്പളമുണ്ടെന്നും താമസം, ഭക്ഷണം എന്നിവ കമ്പനിവകയാണെന്നും രേഖപ്പെടുത്തിയിരുന്നു. എന്നാൽ, കമ്പനിയുടെ പേര് കടലാസിൽ രേഖപ്പെടുത്തിയിട്ടില്ല. കരാർ വ്യാജമാണെന്നറിയാതെ വിമാനം കയറിയ ഇവരെ സ്വീകരിക്കാൻ ദുബായ് വിമാനത്താവളത്തിൽ ആരുമുണ്ടായിരുന്നില്ല.

ചെന്നൈയിലെ ഏജന്റ് ഷാർജയിലെ ഒരു തമിഴ്‌നാട് സ്വദേശിയുടെ മൊബൈൽ നമ്പറായിരുന്നു നൽകിയിരുന്നത്. ആ നമ്പറിൽ വിളിച്ചപ്പോൾ ടാക്സിയിൽ ഷാർജ റോളയിൽ എത്താനായി നിർദേശം. തത്കാലം ഒരു മുറി റോളയിൽ ശരിയാക്കിക്കൊടുത്തെങ്കിലും ജോലിക്കുള്ള ഉത്തരവാദിത്വങ്ങളൊന്നും അയാൾ ഏറ്റെടുത്തില്ല. ചെന്നൈ ഏജന്റിന്റെ ഓഫീസിലേക്ക് വിളിക്കുമ്പോൾ ഒരു സ്ത്രീയാണ് ഫോൺ എടുക്കുന്നതെന്നും കൃത്യമായ മറുപടി നൽകുന്നില്ലെന്നും അഞ്ചുപേരും പറയുന്നു. കൊടുത്ത പണം തിരികെകിട്ടിയെങ്കിൽ നാട്ടിൽപോയി എന്തെങ്കിലും ജോലിചെയ്ത്‌ ജീവിക്കാമായിരുന്നെന്നാണ് ഇപ്പോൾ ഇവർ പറയുന്നത്.