ഷാർജ: നൂറ്റിമുപ്പതിലേറെ ചിത്രങ്ങൾ ഉൾപ്പെടുത്തി കുട്ടികൾക്കും യുവാക്കൾക്കുമായി സംഘടിപ്പിച്ച ഷാർജ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഫോർ ചിൽഡ്രൻ ആൻഡ് യൂത്തിന്റെ (എസ്.ഐ.എഫ്.എഫ്.) ഏഴാം പതിപ്പ് സമാപിച്ചു. കുട്ടികൾക്ക് അഭിനയത്തിന്റെ ബാലപാഠങ്ങൾ പകർന്നും യുവാക്കൾക്ക് സിനിമയെക്കുറിച്ച് കൂടുതൽ അറിവ് നൽകിയും ഷാർജയിലും ദുബായിലുമായി ഏഴിടങ്ങളിൽ സിനിമകൾ പ്രദർശിപ്പിച്ചു.

120 മണിക്കൂർ ചലച്ചിത്രപ്രദർശനങ്ങൾ, പാനൽ ചർച്ചകൾ, വർക്ക് ഷോപ്പുകൾ, സ്റ്റേജ് ടോക്ക് സെഷനുകൾ തുടങ്ങി അഭിനേതാക്കളും ചലച്ചിത്ര പ്രവർത്തകരും ഉൾപ്പെടുന്ന മേള ഒരാഴ്ചനീണ്ടുനിന്നു. നിരവധി യുവ ചലച്ചിത്രപ്രവർത്തകരെ എസ്.ഐ.എഫ്.എഫ്. പുരസ്കാരം നൽകി ആദരിച്ചു.

കഴിഞ്ഞ വർഷത്തേക്കാൾ ഏഴ് വിഭാഗങ്ങളിലായി മൂന്നിരട്ടിയാളുകളാണ് മേളയിലെത്തിയത്. ഹിന്ദ് അൽ മീലിന്റെ ഗോ ഓൺ മികച്ച ശിശു, യുവ നിർമിത സിനിമയായി തിരഞ്ഞെടുത്തു. മാത്തിൽഡെ ഡൗർഡിയുടെ ദി ബോൾട്ട് കണക്‌ഷൻ ബെസ്റ്റ് സ്റ്റുഡന്റെ ഫിലിമിനുള്ള അവാർഡ് നേടി. മികച്ച ജി.സി.സി ഷോട്ട് ഫിലിം അവാർഡ് അബ്ദുൽ ജലീൽ അൽ നാസറിന്റെ ഫിഫ്റ്റി തൗസന്റ് ഫോട്ടോഗ്രാഫ്‌സിന് ലഭിച്ചു.

സിന്തിയ ഫെർണാണ്ടസ് (ഹോഴ്‌സ് സ്റ്റോൺ-മികച്ച അന്താരാഷ്ട്ര ഹ്രസ്വചിത്രം), ആൻ ഹുയിൻ (ഗ്രാൻഡ്പാ ഈസ് ഹൈഡിങ്- മികച്ച ഹ്രസ്വ ആനിമേഷൻ ഫിലിം), എൽസ് ദുരാൻ,എവ്‌ലീൻ വെഹോഫ് (ബച്ചിർ ഇൻ വണ്ടർലാൻഡ്-മികച്ച ഡോക്യുമെന്ററി ചിത്രം), വാങ് ലിന (എ ഫസ്റ്റ് ഫെയർവെൽ- മികച്ച ഫീച്ചർ ഫിലിം)എന്നിങ്ങനെയാണ് മറ്റുപുരസ്കാരങ്ങൾ.

പുസ്തകങ്ങളിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ട സിനിമകളെന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ ചലച്ചിത്രോത്സവം. മേളയിലുണ്ടായിരുന്ന പല ലോക സിനിമകളും ഇൗ രീതിയിൽ നിർമിച്ചവയായിരുന്നു. സ്പെഷ്യൽ ഇഫക്ട് എന്ന പേരിൽ അഭിനേതാക്കളുടെ ചമയങ്ങളെക്കുറിച്ച് ശില്പശാലകളും ചമയത്തിനായി ഉപയോഗിക്കുന്ന ഉത്പന്നങ്ങളെക്കുറിച്ചും അവ ഉപയോഗിക്കേണ്ട രീതികളും മേളയിൽ പരിചയപ്പെടുത്തി. 404 ക്യാമറകളിലൂടെ പരിശീലനം നൽകുന്നതിൽ എസ്.ഐ.എഫ്.എഫ്. ശില്പശാല ഗിന്നസ് ബുക്കിലിടം പിടിച്ചുകഴിഞ്ഞു.

ഷാർജ കൾച്ചറൽ സെന്ററിലടക്കം എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിലായാണ് മേള നടന്നത്. 39 രാജ്യങ്ങൾ പങ്കെടുത്ത മേളയിൽ 132 ചിത്രങ്ങൾ പ്രദർശിപ്പിച്ചു. ഷാർജയിലെ സ്കൂൾവിദ്യാർഥികളുടെ അഭൂതപൂർവമായ തിരക്ക് മേളയിലുണ്ടായി. ഷാർജയിലെ സാംസ്കാരിക കൂട്ടായ്മയായ ഫൺ ആണ് മുഖ്യസംഘാടകർ.