ഷാർജ: ശൈത്യകാലത്ത് തണുത്ത മണൽപരപ്പ് മെത്തയാക്കി, വായനയുടെ ലോകം ആസ്വദിക്കാനുള്ള ഷാർജ ബീച്ച് ലൈബ്രറിയുടെ നാലാംഘട്ടം ഖോർഫക്കാൻ ബീച്ചിൽ തയ്യാറായി. ബീച്ചിന്റെ മുഖംതന്നെ മാറ്റിക്കൊണ്ടാണ് ഏറെ ആകർഷകമായി ലൈബ്രറി തയ്യാറാക്കിയിരിക്കുന്നത്. ഷാർജയെ 2019-ലെ വേൾഡ് ബുക്ക് ക്യാപിറ്റലായി യുനെസ്കോ തിരഞ്ഞെടുത്തതിന്റെ ആഘോഷങ്ങളുടെ ഭാഗമായാണ് പുതിയ സാംസ്കാരിക പരിപാടികൾ.

പുസ്തകവായന മാത്രമല്ല ഖോർഫക്കാൻ ബീച്ചിൽ ഒരുക്കിയിരിക്കുന്ന ആകർഷണം. അതോടനുബന്ധിച്ചുള്ള സാംസ്കാരികപ്രവർത്തനങ്ങളും ഷാർജ ഇന്റർനാഷണൽ മറൈൻ സ്പോർട്‌സ് ക്ലബ്ബുമായി സഹകരിച്ചുള്ള പരിപാടികളും ഉണ്ടാകും. ലൈബ്രറികളിൽ യു.എ.ഇ. പതാക, ഷാർജ വേൾഡ് ബുക്ക് ക്യാപിറ്റൽ ലോഗോ എന്നിവകൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. വിനോദ സാംസ്കാരിക പരിപാടികൾ 2020 ഏപ്രിൽവരെ തുടരും.

ബിച്ചിൽ ഒരു ലൈബ്രറി എന്ന നൂതനാശയം കഴിഞ്ഞ ഓഗസ്റ്റിൽ ഷാർജ അൽഖാൻ ബീച്ചിലായിരുന്നു ആദ്യഘട്ടത്തിൽ നടപ്പാക്കിയത്. പിന്നീട് യഥാക്രമം അൽഖാൻ രണ്ട്, ഷാർജ ലേഡീസ് ക്ലബ്ബ്‌ (എസ്.എൽ.സി.) എന്നിവിടങ്ങളിലും ആരംഭിച്ചു. വിവിധ ഭാഷകളിലായി നൂറോളം പുസ്തകങ്ങളാണ് സൗജന്യ വായനക്കായി ഒരുക്കിയിരിക്കുന്നത്. എല്ലാ പ്രായക്കാർക്കുമുള്ള പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്.