ഷാർജ: വാഹനങ്ങളിലെ കുട്ടികളുടെ സീറ്റ് ബെൽറ്റ് ഉപയോഗത്തെക്കുറിച്ച് ശിശുസുരക്ഷാ വകുപ്പിന്റെ ബോധവത്കരണ പ്രവർത്തനത്തിന് തുടക്കമായി.

വാഹനാപകടങ്ങളിൽ കുട്ടികൾക്ക് ഗുരുതരമായി പരിക്കേൽക്കുന്നതിനും പലപ്പോഴും ജീവൻ നഷ്ടപ്പെടുന്നതിനും പ്രധാനകാരണം സീറ്റ് ബെൽറ്റ് ഉപയോഗിക്കാത്തതാണെന്ന്‌ പഠനങ്ങൾ വ്യക്തമാക്കുന്നു. മൂന്നിൽ രണ്ടുവാഹനാപകടങ്ങളിലും ഇതാണ് കാരണമെന്ന് ഗതാഗത വകുപ്പിന്റെ കണക്കുകളും പറയുന്നു. ഇതിന്റെ ഭാഗമായി ബോധവത്കരണത്തിനായി പ്രത്യേക വീഡിയോ വകുപ്പ് പുറത്തിറക്കി. എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാനാവും വിധമാണ് ഇത് വിശദമാക്കിയിരിക്കുന്നത്.

നാഷണൽ മീഡിയ കൗൺസിലിന്റെ അംഗീകാരത്തോടെ സർക്കാർ വകുപ്പുകളുടെ നിർദേശപ്രകാരമാണ് വീഡിയോ നിർമിച്ചിരിക്കുന്നത്. സീറ്റ്‌ബെൽറ്റിന്റെ കൃത്യമായ ഉപയോഗം, സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ ഏതെല്ലാം തരത്തിൽ അപകടങ്ങളുണ്ടാവാം എന്നിവയെല്ലാം വീഡിയോയിലൂടെ വിശദമാക്കുന്നു. 60 സെക്കൻഡ്‌ ദൈർഘ്യമുള്ള വീഡിയോ രക്ഷിതാക്കൾ ഏറെ ശ്രദ്ധയോടെ കാണണമെന്ന് വകുപ്പ് ശിശുസുരക്ഷാ വകുപ്പ് അറിയിച്ചു.