ഷാർജ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെപ്പറ്റി അദ്ദേഹത്തിന്റെ മകൻ മുനവ്വറലി ശിഹാബ് തങ്ങൾ എഴുതിയ ‘പ്രിയപ്പെട്ട ബാപ്പ’ എന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ് ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഷാർജ ഔഖാഫ് ഡിപ്പാർട്ട്മെൻറ് ചെയർമാൻ ശൈഖ്‌ അബ്ദുള്ള ബിൻ മുഹമ്മദ് ഖാലിദ് അഹമ്മദ് അൽ ഖാസിമിയിൽനിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. പുസ്തകം ഏറ്റുവാങ്ങിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്.

കേരളത്തിലെ സാമൂഹിക, സാമുദായിക സൗഹാർദം നിലനിർത്തുന്നതിൽ പ്രമുഖ പങ്കുവഹിച്ച ശിഹാബ് തങ്ങളുടെ പ്രവർത്തനം കേരളം എക്കാലവും ഓർക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ബാബറിമസ്ജിദ് തകർക്കപ്പെട്ട നാളുകളിൽ ശിഹാബ്തങ്ങളുടെ നിലപാട് കൊണ്ടുമാത്രമാണ് കേരളത്തിൽ കുഴപ്പങ്ങൾ ഉണ്ടാവാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏത്‌ പാതിരാത്രിയും ആവശ്യങ്ങളും സഹായവുംതേടി എത്തുന്നവരെ നിറഞ്ഞ ചിരിയോടെ ആശ്വസിപ്പിക്കാനും അവർക്ക് കഴിയാവുന്നത് ചെയ്തുകൊടുക്കാനും ശിഹാബ് തങ്ങൾ സന്നദ്ധനായിരുന്നെന്നും സാദിഖലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു. അറബ് ലോകവുമായി ഏറെ മാനസിക അടുപ്പമുള്ള പിതാവിനെക്കുറിച്ചുള്ള ഓർമപ്പുസ്തകം ഈ മണ്ണിൽത്തന്നെ പ്രകാശനം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. മാതൃഭൂമി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. ക്ലബ്ബ് എഫ്.എം. സീനിയർ പ്രൊഡ്യൂസർ ജസ്റ്റിൻ പുസ്തകം പരിചയപ്പെടുത്തി. മാതൃഭൂമി ബ്യൂറോ ചീഫ് പി.പി. ശശീന്ദ്രൻ നന്ദിപറഞ്ഞു.

ശിഹാബ് തങ്ങളുടെ ഇളയസഹോദരൻ സാദിഖലി ശിഹാബ്തങ്ങൾ, എം.കെ. മുനീർ. എം.എൽ.എ, അബ്ദുസ്സമദ് സമദാനി, അബ്ദുറഹിമാൻ രണ്ടത്താണി, ഹാജി പി.എ. ഇബ്രാഹിം, ഇബ്രാഹിം എളേറ്റിൽ, ഷംസുദ്ദീൻ മുഹ്‌യുദ്ദീൻ, പി.കെ. അൻവർ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, യഹ്‌യ തളങ്കര, അഹമ്മദ് ഉണ്ണികുളം, മോഹൻകുമാർ, അബ്ദുള്ള ഫാറൂഖി, അൻവർ അബ്ദുള്ള, പൊയിൽ റിയാസ് ചേലേരി തുടങ്ങിയ പ്രമുഖർ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.