ഷാർജ: ഷാർജയുടെ ബജറ്റ് വിമാനക്കമ്പനിയായ എയർ അറേബ്യ പതിനഞ്ചാം വാർഷികത്തിന്റെ ഭാഗമായി പുതിയ മുഖവുമായി എത്തുന്നു.

2003 ഒക്ടോബർ 28-നാണ് അറബ്-വടക്കൻ ആഫ്രിക്ക മേഖലയിലെ ആദ്യത്തെ ചെലവ് കുറഞ്ഞ വിമാനങ്ങൾ എന്ന പ്രഖ്യാപനവുമായി എയർ അറേബ്യ സർവീസ് ആരംഭിച്ചത്. പുതിയ കാലത്തിനനുസരിച്ചുള്ള ലോഗോയും നിറങ്ങളുമെല്ലാം ചേർത്താണ് ഇനി എയർ അറേബ്യയുടെ വിമാനങ്ങൾ പറക്കുക.

ഷാർജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയർ അറേബ്യയുടെ ഹാങ്ങറിൽ നടന്ന ചടങ്ങിലാണ് പുതിയ രൂപത്തിലുള്ള വിമാനം ക്ഷണിക്കപ്പെട്ട സദസ്സിനുമുന്നിൽ അവതരിപ്പിച്ചത്. പുതിയ എ-320 എയർബസ് വിമാനമാണിത്.

ആദ്യ വർഷം തന്നെ ലാഭത്തിലേക്ക് പ്രവേശിച്ച എയർ അറേബ്യക്ക് ഇപ്പോൾ യു.എ.ഇ.ക്ക് പുറമേ മൊറോക്കോ, ഈജിപ്ത് എന്നിവിടങ്ങളിലും ഹബ് ഉണ്ട്. സ്വന്തമായുള്ള 53 വിമാനങ്ങളുമായി ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കായി നിത്യവും 155 സർവീസുകളാണ് നടത്തുന്നത്. അടുത്തവർഷത്തോടെ കൂടുതൽ മേഖലകളിലേക്കുള്ള സർവീസിന് എയർ അറേബ്യ തയ്യാറെടുക്കുകയാണെന്ന് ചെയർമാൻ ശൈഖ് അബ്ദുള്ള ബിൻ മൊഹമ്മദ് അൽ താനി അറിയിച്ചു.

“15 വർഷം മുമ്പ് ചെലവ് കുറഞ്ഞ രീതിയിൽ ആളുകളെ വിവിധ ഇടങ്ങളിലേക്ക് എത്തിക്കുക എന്നതായിരുന്നു ഞങ്ങൾ ഏറ്റെടുത്ത ദൗത്യം. എന്നാൽ, ഇന്ന് മേഖലയിലെ വ്യോമയാന രംഗത്തിന്റെ ഗതി മാറ്റാൻ കെൽപ്പുള്ള കമ്പനിയായി വളർന്നു എന്നതിൽ അതിയായ സന്തോഷമുണ്ട്. ഇതിനകം എട്ടുകോടിയിലേറെപേർ എയർ അറേബ്യയിലെ യാത്രക്കാരായിട്ടുണ്ടെന്നത് ഏറെ അഭിമാനം നൽകുന്നതാണ്’’- ചെയർമാൻ പറഞ്ഞു.

അറബ് മേഖലയിൽ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ആദ്യ വിമാനക്കമ്പനി എന്ന വിശേഷണവും എയർ അറേബ്യയ്ക്കാണ്. പുതിയ കാലത്തിന്റെ വേഗവും ആവേശവും ഉൾക്കൊള്ളുന്നതാണ് പുതിയ ലോഗോയും വിമാനത്തിനകത്തെ സംവിധാനങ്ങളുമെന്ന് കന്പനി സി.ഇ.ഒ ആദൽ അബ്ദുള്ള അലി പറഞ്ഞു.