ഷാർജ: കുടിയിറക്കാൻ നിർബന്ധിക്കപ്പെടുന്നവരുടെ  അനുമതിവാങ്ങാതെ പദ്ധതികൾക്കായി ഭൂമി പിടിച്ചെടുക്കുന്നത് ശരിയായ നടപടിയല്ലെന്നും അവ എതിർക്കപ്പെടണമെന്നും  മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ് പറഞ്ഞു.

അധികാരത്തിന്റെ ശക്തി ഉപയോഗിച്ച് ഭൂമി പിടിച്ചെടുക്കുന്നത് അനീതിയാണ്. അനുമതി വാങ്ങിയശേഷം മതിയായ നഷ്ടപരിഹാരം നൽകി വേണം വികസനപ്രവർത്തനങ്ങൾക്ക് ഭൂമി ഒരുക്കേണ്ടതെന്ന് ഗ്രാമവികസനമന്ത്രി ആയിരിക്കെ നിയമം കൊണ്ടുവന്നതാണെന്നും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ  അദ്ദേഹം പറഞ്ഞു. ബാൾറൂമിൽ എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഷാജഹാൻ മാടമ്പാട്ടുമായി നടത്തിയ മുഖാമുഖത്തിലായിരുന്നു ഈ പ്രതികരണം.

ഇന്ദിരാഗാന്ധി ശക്തയായ ഒരു പരിസ്ഥിതി വാദിയായിരുന്നു. കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെപോലും താത്‌പര്യങ്ങൾ തള്ളിയാണ് സൈലൻറ്് വാലി പദ്ധതി വേണ്ടെന്നുവെച്ച് പ്രകൃതിയുടെയും കേരളത്തിന്റെയും താത്‌പര്യം സംരക്ഷിച്ചത്. ഇന്ദിരയുടെ പ്രകൃതി സ്നേഹത്തെ പ്രകീർത്തിക്കുന്നു എന്നതുകൊണ്ട് അടിയന്തരാവസ്ഥയെ താൻ അംഗീകരിക്കുന്നു എന്ന് അനുമാനിക്കേണ്ടതില്ല. എന്നാൽ അടിയന്തരാവസ്ഥയ്ക്കു ശേഷം തിരഞ്ഞെടുപ്പിനെ നേരിടാനും തോറ്റ് പ്രതിപക്ഷത്തിരിക്കാനുമുള്ള ജനാധിപത്യ മര്യാദ ഇന്ദിരയ്ക്കുണ്ടായിരുന്നുവെന്ന് ജയറാം രമേഷ് ചൂണ്ടിക്കാട്ടി.