ഷാർജ: അക്ഷരങ്ങളെയും പുസ്തകങ്ങളെയും സ്നേഹിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്ന്‌ തെളിയിച്ച് 36-ാം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവം. മേള അഞ്ചുദിവസം പിന്നിടുമ്പോൾ മേളയിലെത്തിയ സന്ദർശകരുടെ എണ്ണം 7,28,000 കവിഞ്ഞു. ലോകത്തിലെ മൂന്നാമത്തെ വലിയ പുസ്തകമേളയായി ഷാർജ പുസ്തകോത്സവം മാറാനുള്ള പ്രധാന കാരണവും വർധിച്ചുവരുന്ന ഈ ജന പങ്കാളിത്തം തന്നെയാണ്.  പുസ്തകപ്രേമികളെ ആകർഷിക്കുന്ന നിരവധി പരിപാടികളും  വ്യത്യസ്തമായ സംരംഭങ്ങളും ഓരോ വർഷം കഴിയുന്തോറും മേളയുടെ ജനപ്രീതി കൂട്ടുന്നുണ്ട്.

യു.എ.ഇ.യിലെയും അറബ് മേഖലയിലെ തന്നെയും ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കുന്ന പരിപാടികളിലൊന്നായി ഷാർജ പുസ്തകമേള മാറിയതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് ഷാർജ ബുക്ക് അതോറിറ്റി ചെയർമാൻ അഹമ്മദ് അൽ അമേറി പറഞ്ഞു. 
60 രാജ്യങ്ങളിൽനിന്നുള്ള 1650 പ്രസാധകർ പങ്കെടുക്കുന്ന മേള അക്ഷരാർഥത്തിൽ ഉത്സവമായി മാറിയ കാഴ്ചയാണ് ഇക്കുറി കണ്ടത്. ‘എന്റെ പുസ്തകത്തിൽ ഒരു ലോകം’ എന്ന പ്രമേയത്തിൽ ഒരുങ്ങിയിരിക്കുന്ന മേളയുടെ വേദിയിലേക്ക് വിരുന്നു വന്നിരിക്കുന്നത് 15 ലക്ഷം പുസ്തകങ്ങളാണ്. 48 രാജ്യങ്ങളിൽ നിന്നുള്ള 393 എഴുത്തുകാർ വിവിധ വേദികളിലായി 11 ദിവസത്തെ മേളയിൽ വായനക്കാരോട് സാംസാരിക്കും. പ്രിയപ്പെട്ട എഴുത്തുകാരെ നേരിട്ട് കാണാനുള്ള ഈ അവസരവും മേളയിലേക്കുള്ള ഒഴുക്കിന്റെ മറ്റൊരു കാരണമാണ്. 

അക്ഷരങ്ങളെ സ്നേഹിക്കുന്ന ഒരു ഭരണാധികാരിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്നവെന്നതാണ് മേളയുടെ മറ്റൊരു വിജയരഹസ്യം. ഷാർജയുടെ ലൈബ്രറികളിലേക്കു വിതരണം ചെയ്യാനായി മേളയിൽ പങ്കെടുക്കുന്ന പ്രസാധകരിൽനിന്ന് 45 ലക്ഷം ദിർഹത്തിന്റെ പുസ്തകങ്ങൾ വാങ്ങാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉത്തരവിട്ടു. ഇതനുസരിച്ചു ഗവേഷകർക്കും വിദ്യാർഥികൾക്കും മറ്റു വായനക്കാർക്കുമായി പുതിയ പുസ്തകങ്ങളുടെ വലിയ നിരയുമായി ഷാർജയുടെ വായനശാലകൾ ഉടൻ സജ്ജമാകും. പ്രസാധകർക്കും  പുസ്തകവ്യവസായത്തിനും ഈ തീരുമാനം ഗുണകരമാകും.