ദുബായ്: യു.എ.ഇ.യിൽ സൈബർ കുറ്റകൃത്യങ്ങൾ നടത്തിയാൽ കടുത്ത ശിക്ഷ ലഭിക്കുമെന്ന് യു.എ.ഇ. ഫെഡറൽ അതോറിറ്റി. ഫെഡറൽ നിയമപ്രകാരം 1,50,000 ദിർഹം മുതൽ 5,00,000 ദിർഹം വരെ പിഴയും (ഏകദേശം 29 ലക്ഷം രൂപ മുതൽ 97 ലക്ഷം രൂപ വരെ) ആറുമാസംവരെ തടവുമാണ് ശിക്ഷ. എല്ലാത്തരം സൈബർ കുറ്റകൃത്യങ്ങളും 999 എന്ന നമ്പറിലോ അല്ലെങ്കിൽ www.ecrime.ae, 80012, എന്ന ഓൺലൈൻ വഴിയോ റിപ്പോർട്ട് ചെയ്യണം. ആഭ്യന്തര മന്ത്രാലയത്തിന്റെ ടോൾ ഫ്രീ നമ്പറായ 116111-ലും സൈബർ കുറ്റകൃത്യങ്ങൾ രേഖപ്പെടുത്താം.

ഭീഷണി നേരിടുന്നവരിൽ അധികം കുട്ടികൾ

യു.എ.ഇ.യിലെ മൂന്നുമുതൽ നാലുവയസ്സുവരെ പ്രായമുള്ള കുട്ടികളിൽ 60 ശതമാനത്തിലേറെ പേർ സ്മാർട് ഫോണുകളിൽ കളിക്കുന്നവരാണ്. അവരിൽ 23 ശതമാനം പേരും സ്പാം സൈറ്റുകൾ അബദ്ധത്തിൽ സന്ദർശിച്ചിട്ടുണ്ടെന്നും ഹയർ ഇന്നൊവേഷൻ സെന്റർ ജനറൽ മാനേജർ ഡോ. അൻവർ ഹമീം ബിൻ സലീം പറഞ്ഞു. സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് അജ്മാൻ യൂണിവേഴ്‌സിറ്റിയിൽ നടന്ന പരിപാടിയിലാണ് കണക്കുകൾ പുറത്തുവിട്ടത്. കൂടാതെ യു.എ.ഇ.യിലെ 80 ശതമാനം കൗമാരക്കാരും സ്ഥിരമായി മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവരാണ്. ഇവരിൽ ഏറിയപങ്കും സൈബർ ഭീഷണി നേരിടുന്നുണ്ട്. ഇതിൽ 64 ശതമാനം വിദ്യാർഥികളുടെയും അക്കാദമിക് പ്രകടനത്തെ ഇത് പ്രതികൂലമായി ബാധിക്കുന്നുണ്ട്.

ലോകത്ത് 12 മുതൽ 15 വയസ്സുവരെ പ്രായമുള്ള മൂന്നോ അതിലധികമോ വിദ്യാർഥികളിൽ ഒരാൾ പതിവായി സൈബർ ഭീഷണി നേരിടുന്നതായും കാസ്‌പെർസ്‌കി ലാബിനെ ഉദ്ധരിച്ച് അദ്ദേഹം വിശദമാക്കി. കുട്ടികൾക്ക് ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കേണ്ടത് അധ്യാപകരും രക്ഷിതാക്കളുമാണ്. സാങ്കേതികവിദ്യകളിൽ കുട്ടികൾക്ക് മികച്ച പരിശീലനം നൽകണം. ഇത്തരം കാര്യങ്ങളെക്കുറിച്ച് വിദ്യാർഥികളോട് കൂടുതൽ ചർച്ചയും സംവാദവും നടത്തണമെന്നും കമ്യൂണിക്കേഷൻ ആൻഡ്‌ കമ്യൂണിറ്റി അഫയേഴ്‌സ് വൈസ് ചാൻസലർ ഡോ. അബ്ദുൽഹക്ക് അൽ നുയിമി പറഞ്ഞു.

Content Highlights:  Severe punishment for cybercrime in the UAE