ദുബായ്: ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു റിങ്കു. സെക്യൂരിറ്റി ജോലി ചെയ്യുന്നതിനിടെ അകാരണമായി ഒരു യുവതി റിങ്കുവിനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ യുവതി അറസ്റ്റിലായി. സമൂഹത്തില്‍ നിന്ന് വ്യാപക പിന്തുണയാണ് റിങ്കുവിന് ലഭിച്ചിരുന്നത്. 2019-ഒക്ടോബറിലായിരുന്നു ഈ സംഭവം നടന്നത്. ദയനീയമായ റിങ്കുവിന്റെ മുഖം ആരും മറന്ന് കാണില്ല. രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം റിങ്കു ഇപ്പോള്‍ ദുബായിലെത്തിയിരിക്കുകയാണ്. സാമ്പത്തിക പരാധീനതകളും അമ്മയുടെ രോഗവുംമൂലം പ്രതിസന്ധിയിലായ റിങ്കുവിന് കൈത്താങ്ങായത്‌ കോഴിക്കോട് സ്വദേശിയായ ബൈജു ചാലിലാണ്. 

ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജോണ്‍സണ്‍ ടെക്‌നിക്കല്‍ സര്‍വീസ് എന്ന എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ മാനേജിങ് പര്‍ട്ണറാണ് ബൈജു. ഇതേ കമ്പനിയില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തിലാണ് റിങ്കുവിനെ ജോലിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

റിങ്കു അകാരണമായി മര്‍ദിക്കപ്പെട്ട വാര്‍ത്ത കണ്ട് ബൈജു റിങ്കുവിന് ആ സമയത്ത് ഒരു ജോലി വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ഹൃദ്രോഗിയായ അമ്മയുടെ ചികിത്സയും മറ്റു ബുദ്ധിമുട്ടുകളേയും തുടര്‍ന്ന് റിങ്കുവിന് ദുബായിലേക്ക് പോകാനായില്ല. താന്‍ അമ്മയുടെ ചികിത്സക്കാണ് മുന്‍ഗണന നല്‍കുന്നതെന്നാണ് റിങ്കു അന്ന് പറഞ്ഞതെന്ന് ബൈജു പറഞ്ഞു.

'പിന്നീട് കോവിഡില്‍ വീണ്ടും ജോലി പ്രതിസന്ധിയിലായതോടെയാണ് റിങ്കു തന്നെ വീണ്ടും സമീപിക്കുന്നത്. ഇതിനിടെ അമ്മയുടെ സര്‍ജറിയും കഴിഞ്ഞിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിസയും മറ്റു രേഖകളും ശരിയാക്കി കഴിഞ്ഞ ആഴ്ചയോടെ റിങ്കു ദുബായിലെത്തി. ഇപ്പോള്‍ വളരെ സന്തോഷവാനാണ്. അമ്മയും വിളിച്ചിരുന്നു. അവരും സന്തോഷവതിയാണ്' ബൈജു പറഞ്ഞു.

കര്‍ണാടകയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠിച്ചുകൊണ്ടിരിക്കെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് റിങ്കു പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് നാട്ടിലേക്കെത്തിയത്. പിന്നീടൊരു ചെറിയ ഇടവേളക്ക് ശേഷം ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിക്ക് കയറുകയായിരുന്നു. 

2019 ഒക്ടോബര്‍ ഒന്നിനായിരുന്നു റിങ്കുവിന്റെ ജീവിതത്തില്‍ അപ്രതീക്ഷ സംഭവം നടക്കുന്നത്. റിങ്കു ആശുപത്രിയില്‍ സെക്യൂരിറ്റി ഡ്യൂട്ടിയില്‍ നില്‍ക്കുമ്പോഴാണ് കോഴിക്കോട് സ്വദേശിയായ യുവതി സ്‌കൂട്ടറുമായി എത്തുന്നത്. ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് യുവതി വാഹനം കൊണ്ടിട്ടു. വാഹനം അവിടെ പാര്‍ക്ക് ചെയ്യരുതെന്ന് പറഞ്ഞ് റിങ്കു മറ്റൊരു സ്ഥലം യുവതിക്ക് കാണിച്ചുകൊടുത്തു. എന്നാല്‍ ഇത് ചെവി കൊള്ളാതെ യുവതി വാഹനം അവിടെ തന്നെ വെച്ച് പോയി. ഇതിനിടെ മറ്റൊരു വാഹനം പോകുന്നതിന് സൗകര്യമൊരുക്കുന്നതിനായി റിങ്കു യുവതിയുടെ വണ്ടി അല്‍പം മുന്നോട്ടേക്ക് വെച്ചു. തിരിച്ചെത്തിയ യുവതി തന്റെ വാഹനം വെച്ച സ്ഥലത്ത് നിന്ന മാറ്റിയെന്നാരോപിച്ച് റിങ്കുവിനോട് പൊട്ടിത്തെറിച്ചു. തുടര്‍ന്ന് യുവതി ആശുപത്രി പി.ആര്‍.ഒയോട് പരാതി പറഞ്ഞു. പി.ആര്‍.ഒ എത്തി വണ്ടി പുറത്തേക്കെടുത്ത് നല്‍കാന്‍ റിങ്കുവിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് റിങ്കു വാഹനം പുറത്തേക്കെടുത്ത് വച്ച് നല്‍കിയ ഉടനെയാണ് യുവതി മുന്നോട്ടേക്ക് കുതിച്ച് റിങ്കുവിന്റെ മുഖത്ത് ആഞ്ഞടിച്ചത്. തെറിവിളിക്കുകയും ചെയ്തു. സ്റ്റാന്‍ഡ് തറയില്‍ ഉരഞ്ഞെന്ന് പറഞ്ഞായിരുന്നു മര്‍ദനം.

rinku baiju
റിങ്കു ബൈജുവിനൊപ്പം

സംഭവത്തിനുശേഷം സ്‌കൂട്ടറുമായി പോകാന്‍ ശ്രമിച്ച യുവതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരുമെല്ലാം ചേര്‍ന്ന് തടഞ്ഞു നിര്‍ത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തതോടെ ആദ്യം നടപടി എടുക്കാന്‍ തയ്യാറാകാതിരുന്ന പോലീസിന് കേസെടുക്കേണ്ടി വന്നു. പിന്നീട് യുവതി അറസ്റ്റിലാകുകയും ചെയ്തു.

സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് വന്ന റിങ്കുവിന് സഹായ വാഗ്ദാനങ്ങളും ജോലി വാഗ്ദാനങ്ങളുമെത്തി. സഹജീവികളോടുള്ള സ്‌നേഹവും കരുണയും കുറഞ്ഞുവരുന്ന കാലഘട്ടത്തില്‍ അത് ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കെല്ലാര്‍ക്കും ബാധ്യതയുണ്ട്. അതിന്റെ ഭാഗമായിട്ട് കൂടിയാണ് റിങ്കുവിനെ ഇങ്ങോട്ടെത്തിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബൈജു വ്യക്തമാക്കി.