ദുബായ് : സൗദി അറേബ്യയിൽ തിങ്കളാഴ്ച 695 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം. ഏഴുപേർകൂടി മരിക്കുകയും ചെയ്തതോടെ ആകെ മരണം 6704 ആയി. 489 പേർ രോഗമുക്തിനേടി. നിലവിൽ 6368 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലുണ്ട്. ഇവരിൽ 836 പേരുടെ നില ഗുരുതരമാണ്. സൗദിയിൽ ആകെ രോഗബാധിതരുടെ എണ്ണം 3,93,377 ആണ്. ഇവരിൽ 3,80,305 പേരും രോഗമുക്തി നേടി.

യു.എ.ഇ,യിൽ 2012 പേർക്കുകൂടി കോവിഡ്, രണ്ടുപേർ മരിക്കുകയും ചെയ്തതായി ആരോഗ്യ പ്രതിരോധമന്ത്രാലയം അറിയിച്ചു. 2147 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ 427148 പേരാണ് വൈറസ് ബാധിതർ. ഇവരിൽ 456747 പേരും രോഗമുക്തി നേടി. നിലവിൽ 13889 പേർ ചികിത്സയിലുണ്ട്. ആകെ മരണം 1512 ആണ്.

ഒമാനിൽ 1117 പുതിയ കോവിഡ് രോഗികൾ. ഇതോടെ ആകെ കോവിഡ് ബാധിതർ 164274 ആയി. 10 പേർകൂടി മരിച്ചതോടെ ആകെ മരണം 1722 ആയി. 862 പേർക്ക് രോഗമുക്തി ലഭിച്ചു. ആകെ രോഗം ഭേദമായവരുടെ എണ്ണം ഇതോടെ 147539 ആയി. 606 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇവരിൽ 189 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്.

ഷാർജയിൽ വിദ്യാർഥികൾക്ക് കോവിഡ് പരിശോധന നിർബന്ധം

ഷാർജ : എമിറേറ്റിലെ സ്വകാര്യ സ്കൂൾവിദ്യാർഥികൾക്ക് കോവിഡ് പി.സി.ആർ. പരിശോധന നിർബന്ധമാണെന്ന് അധികൃതർ അറിയിച്ചു. ഏപ്രിൽ 11 മുതൽ സ്വകാര്യസ്കൂളുകളിലും 18 മുതൽ പൊതുവിദ്യാലയങ്ങളിലും ക്ലാസുകൾ തുടങ്ങും. സ്കൂളുകളിൽ നേരിട്ടെത്തുന്ന വിദ്യാർഥികൾക്ക് 72 മണിക്കൂറിനുള്ളിലുള്ള കോവിഡ് നെഗറ്റീവ് പരിശോധനാഫലമാണ് വേണ്ടത്.

കുട്ടികൾക്ക് ഹൈബ്രിഡ് പഠനമോ, ഓൺലൈൻ ക്ലാസോ തിരഞ്ഞെടുക്കാമെന്നും ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റി വ്യക്തമാക്കി. സ്കൂളുകളിൽ കർശന കോവിഡ് സുരക്ഷാമാനദണ്ഡങ്ങൾ നടപ്പാക്കിയിട്ടുണ്ട്. വിശുദ്ധ റംസാൻ മാസം തുടങ്ങുന്നതിന് രണ്ടുദിവസം മുൻപാണ് സ്കൂളുകൾ തുറക്കുന്നത്. പുണ്യമാസത്തിൽ വിദ്യാർഥികൾക്കുള്ള സ്കൂൾസമയം മൂന്നുമുതൽ അഞ്ചുമണിക്കൂറാക്കി കുറച്ചിട്ടുണ്ട്. അതേസമയം, ഷാർജയിലെ 74 ശതമാനം സ്കൂൾജീവനക്കാരും കോവിഡ് വാക്‌സിൻ ആദ്യഡോസും 64 ശതമാനം പേർ രണ്ടുഡോസും സ്വീകരിച്ചുകഴിഞ്ഞതായും അധികൃതർ അറിയിച്ചു. ഷാർജയിലെ സർക്കാർ, സ്വകാര്യനഴ്‌സറികൾ മാർച്ച് 28 മുതൽ കർശന കോവിഡ് സുരക്ഷാമാനദണ്ഡങ്ങളോടെ കുട്ടികളെ സ്വീകരിക്കാൻ തുടങ്ങി.

Content Highlights: Saudi Arabia confirms 7 COVID-19 deaths, 695 new cases