ദുബായ്: സൈക്കിളിന്റെ ഭാഗങ്ങൾ ഉപയോഗിച്ച് ബൈക്ക് പോലെ രൂപകല്പന ചെയ്ത ഫുട് ബൈക്കിൽ റഷ്യയിൽനിന്ന് 9800 കിലോമീറ്റർ സഞ്ചരിച്ച് ദുബായിലെത്തിയ 21 വയസ്സുകാരൻ വ്‌ളാഡ് ബെലോസെറോവ് ഇപ്പോൾ സ്വപ്നം പൂർത്തീകരിച്ചതിന്റെ നിർവൃതിയിലാണ്. ആറ് മാസങ്ങൾകൊണ്ട് ആറ് രാജ്യങ്ങൾ താണ്ടിയാണ് ദുബായിലെത്തിയത്. ലോകം മുഴുവൻ ഫുട് ബൈക്കിൽ സഞ്ചരിച്ച് ഗിന്നസ് റെക്കോഡ് സ്വന്തമാക്കുകയാണ് ഈ റഷ്യൻ സ്വദേശിയുടെ അടുത്ത ലക്ഷ്യം.

2019 ജൂൺ 23-നാണ് റഷ്യയിലെ ഈസ്റ്റ് സൈബീരിയയിലെ ഉലാൻ ഉഡെയിൽനിന്ന് ബെലോസെറോവ് യാത്ര തിരിച്ചത്. കൂടെ രണ്ട് സുഹൃത്തുക്കളുമുണ്ടായിരുന്നു. റഷ്യയിലെ 15 നഗരങ്ങളിലൂടെ 4500 കിലോമീറ്റർ സഞ്ചരിച്ച് യാത്രയുടെ ആദ്യഘട്ടം പൂർത്തിയാക്കി. റോഡ് മാർഗം ഏറ്റവും കൂടുതൽ സഞ്ചരിച്ച് റെക്കോഡ് നേടുകയായിരുന്നു ലക്ഷ്യം. എന്നാൽ, യാത്ര അല്പം പ്രയാസമേറിയതാണെന്ന് മനസ്സിലാക്കിയതോടെ കൂട്ടുകാർ വഴിയിൽ പിരിഞ്ഞു. ബെലോസെറോവിന്റെ തീരുമാനം സാഹസികയാത്ര തുടരാൻതന്നെയായിരുന്നു. ഇത് അറിഞ്ഞതോടെ റഷ്യയിലെ ഒരു ഐ.ടി സ്ഥാപനം യാത്രയ്ക്ക് 4500 യൂറോ സ്‌പോൺസർഷിപ്പും മറ്റൊരു കമ്പനി ലോകത്ത് അധികം ആരും ഉപയോഗിക്കാത്ത ഫുട് ബൈക്കും സമ്മാനമായി നൽകി.

2019 ഒക്ടോബർ 26-ന് അസർബൈജാനിലെ ബാക്കുവിൽ എത്തി. നവംബർ ഏഴിന് ജോർജിയ, നവംബർ 19-ന് അർമേനിയ, ഡിസംബർ 10-ന് ടെഹ്‌റാൻ വഴി ജനുവരി അഞ്ചിന് ഷാർജയിലെത്തിയതായി ബെലോസെറോവ് വിശദമാക്കി. പുതുവർഷദിനത്തിൽ ദുബായിൽ എത്തണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. അല്പം വൈകിയെങ്കിലും പുതുവർഷാഘോഷം തീരാത്ത ദുബായിലെ കാഴ്ചകൾ വിസ്മയിപ്പിച്ചു. ബുർജ് ഖലീഫയാണ് ആദ്യം സന്ദർശിച്ചത്. ഗതാഗത സുരക്ഷ യു.എ.ഇ.യിൽ കർശനമായതിനാൽ കാഴ്ചകൾ കാണാൻ പൊതുഗതാഗതമായിരിക്കും ഉപയോഗിക്കുക. ജനുവരി 22-ന് തിരികെ റഷ്യയിലേക്ക് മടങ്ങുമെന്ന് ഈ ലോകസഞ്ചാരി പറഞ്ഞു.

content highlights; russia to dubai cycle journey