ദുബായ്: യു.എ.ഇ പതിയെ സാധാരണ നിലയിലേക്ക് നീങ്ങുന്നു. ഇതിന്റെ ഭാഗമായി ദുബായില്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി. ബുധനാഴ്ച  മുതല്‍ രാവിലെ 6 മണി തൊട്ട് രാത്രി 11 മണിവരെ പുറത്തിറങ്ങുന്നതിന് നിയന്ത്രണമില്ല. വ്യവസായങ്ങളും ജനജീവിതവും ഘട്ടം ഘട്ടമായി സാധാരണ രീതിയിലേക്ക് കൊണ്ടുവരാനാണ് എമിറേറ്റ്  ലക്ഷ്യമിടുന്നത്. സാമ്പത്തിക മേഖലയില്‍ കൊറോണ വൈറസ് ഉണ്ടാക്കിയ പ്രത്യാഘാതം മറികടക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് പുതിയ നിര്‍ദ്ദേശങ്ങള്‍.

അമര്‍ തഷീല്‍ കേന്ദ്രങ്ങള്‍ സാധാരണ സമയക്രമമനുസരിച്ച് തുറക്കും. റീട്ടെയ്ല്‍ ഹോള്‍സെയ്ല്‍ സ്ഥാപനങ്ങള്‍ക്ക് പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കാം.  ക്ലിനിക്കുകള്‍ക്ക്  പ്രവര്‍ത്തനാനുമതി നല്‍കി. അധിക സമയം എടുക്കാത്ത സര്‍ജറികളും ഇവിടെ നടത്താം. കുട്ടികള്‍ക്കുള്ള ലേണിങ്ങ് തെറാപ്പി സെന്ററുകള്‍ക്ക് സാധാരണ നിലയില്‍ പ്രവര്‍ത്തിക്കാം. ജിം, ഫിറ്റ്നെസ് ക്ലബ്ബുകള്‍ എന്നിവയിലും ആളുകള്‍ക്ക് പോകാം. സിനിമാ തീയ്യറ്ററുകള്‍ക്കും  ആളെകയറ്റാന്‍  അനുമതിയുണ്ട്. സാമൂഹിക അകലം പാലിച്ചാകും ഇവിടങ്ങളിലെല്ലാം പൊതുജനത്തിന് പ്രവേശനം. മാസ്‌ക് നിര്‍ബന്ധമാണ്. നിശ്ചിത ഇടവേളകളില്‍ ഇവിടങ്ങളില്‍ അണുനശീകരണം നടത്തിയിരിക്കണം എന്ന നിബന്ധനയുണ്ട്. 

ദുബായ്  വിമാനത്താവളം വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കാനും സജ്ജമായി. വിദേശത്തു നിന്ന് എത്തുന്നവര്‍ നിര്‍ബന്ധമായും 14 ദിവസം ക്വാറന്റീനില്‍ കഴിയണം. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും, 12 വയസ്സില്‍ കുറവുള്ള കുട്ടികളും പുറത്തിറങ്ങാതിരിക്കുന്നതാണ് നല്ലത്.  ഇവര്‍ക്ക് മാളുകളിലും സിനിമാ തീയ്യറ്ററുകളിലും, സൂപ്പര്‍ മാര്‍ക്കറ്റുകളിലൊന്നും പ്രവേശനമില്ല.

സൗദി അറേബ്യയിലും നിയന്ത്രണങ്ങള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഘട്ടം ഘട്ടമായി ഇളവ് നല്‍കും. സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരുന്നതിനുള്ള ആദ്യ താത്കാലിക നടപടികളാണ് സൗദി നടത്തുന്നത്.

നിലവിലുള്ള മുഴുവന്‍സമയ കര്‍ഫ്യു അവസാനിക്കുന്ന വ്യാഴാഴ്ച മുതലാണ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുകയെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന് അധികൃതര്‍ ഏര്‍പ്പെടുത്തിയ എല്ലാ മുന്‍കരുതല്‍ നടപടികളും എല്ലാവരും പാലിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ.തൗഫീഖ് അല്‍ റബീഹ് പറഞ്ഞു. 

Content Highlight:  Relaxation of travel restrictions; Dubai returns to normal life