റാസൽഖൈമ: റാസൽഖൈമയിലെ ജനവാസമില്ലാത്ത പഴയവീടുകൾ നശിപ്പിക്കാൻ റാക് മുനിസിപ്പാലിറ്റി ഒരുങ്ങുന്നു. പഴയതും ഉപേക്ഷിക്കപ്പെട്ടതുമായ ഇത്തരം വീടുകൾ കുറ്റവാളികളും മയക്കുമരുന്നിനു അടിമയായവരും ഒളിത്താവളമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയിരുന്നു. വളരെക്കാലമായി ഉപേക്ഷിക്കപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന 44 പഴയ വീടുകൾ പൊളിക്കാനാണ് ഇപ്പോൾ നിർദേശം നൽകിയതെന്ന് റാസൽഖൈമ മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മുന്തർ ബിൻ ശേഖർ അൽ സാബി പറഞ്ഞു. എമിറേറ്റിനെ ഒരു വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി പഴയ റാസൽഖൈമ നഗരത്തിലെ ചില കെട്ടിടങ്ങളെ സ്മാരക-മ്യൂസിയം വകുപ്പിലേക്ക് നിർദേശം ചെയ്തിട്ടുണ്ട്. പൊളിച്ചുമാറ്റുന്ന വീടുകളുടെയും കെട്ടിടങ്ങളുടെയും പ്ലോട്ടുകൾ സ്വദേശി പൗരന്മാർക്ക് വിതരണം ചെയ്യുന്നതിനാൽ അവർക്ക് പുതിയ വീടുകൾ നിർമിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഉപേക്ഷിക്കപ്പെട്ട ഈ കെട്ടിടങ്ങളിൽ ഭൂരിഭാഗവും വളരെക്കാലംമുമ്പ് നിയമപ്രകാരം നിർമിച്ചവയല്ല. അൽ മാമുര, ജുൽഫാർ, ദഹാൻ, അൽ റിഫ, അൽ ജസീറത്ത് അൽ ഹംറ, അവഫി എന്നിവിടങ്ങളിലാണ് ഇത്തരം വീടുകൾ കൂടുതലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനധികൃതമായ പഴയ ഫാമുകളും വീടുകളും എവിടെയാണെങ്കിലും നീക്കംചെയ്യുന്നത് തുടരുമെന്ന് നാഗരിക സംഘടനയിലെ പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഷൈമ അൽ തുനൈജി പറഞ്ഞു. റാസൽഖൈമ പൊലീസുമായി സഹകരിച്ച് ഈ വീടുകളെക്കുറിച്ച് വിപുലമായ സർവേ അടുത്തിടെ നടത്തിയിരുന്നു.
വിവിധ പ്രദേശങ്ങളിൽ ഉപേക്ഷിക്കപ്പെട്ട 400 വീടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ വകുപ്പ് ശേഖരിച്ചിരുന്നു. നിർമാർജന പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി മുനിസിപ്പാലിറ്റി ഇതിനകം വിജനമായ 64 ഫാമുകളും വീടുകളും പൊളിച്ചുനീക്കിക്കഴിഞ്ഞു.