അബുദാബി: ഒരുപാട് വ്യത്യസ്തതകളുള്ളവരെങ്കിലും മലയാളികളെ ഒരുമിപ്പിക്കുന്നത് ഭാഷയാണെന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് പറഞ്ഞു. അബുദാബി മലയാളിസമാജം സാഹിത്യ പുരസ്കാരമേറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശരാജ്യങ്ങളിൽ കഴിയുന്നവർക്കിടയിൽ മാതൃഭാഷയെ ശക്തമായി നിലനിർത്തുന്നത് സമാജം പോലുള്ള സാംസ്കാരിക സംഘടനകളാണ്. സമാജം സാഹിത്യപുരസ്കാരം ഇതിനുമുൻപ് ലഭിച്ചതെല്ലാം പേരെടുത്ത എഴുത്തുകാർക്കാണ്. അതുകൊണ്ട് ഇന്ത്യയ്ക്ക് പുറത്തുനിന്ന് ലഭിക്കുന്ന ആദ്യ പുരസ്കാരം സമാജത്തിന്റേതായതിൽ അതിയായ സന്തോഷമുണ്ടെന്നും റഫീഖ് അഹമ്മദ് പറഞ്ഞു.
സമാജം പ്രസിഡന്റ് ടി.എ. നാസർ അധ്യക്ഷത വഹിച്ചു. പ്രശസ്തിപത്രവും ഇരുപത്തയ്യായിരം രൂപയുമടങ്ങുന്ന പുരസ്കാരം പ്രസിഡന്റിൽനിന്നും റഫീഖ് അഹമ്മദ് സ്വീകരിച്ചു. സമാജം കലാവിഭാഗം റഫീക്ക് അഹമ്മദിന്റെ തിരഞ്ഞെടുത്ത കവിതകളുടെ ദൃശ്യാവിഷ്ക്കാരം അവതരിപ്പിച്ചു. സമാജം സുവർണ ജൂബിലിയുടെ ഭാഗമായി തയ്യാറാക്കിയ സ്മരണിക റഫീഖ് അഹമ്മദ് പ്രകാശനം ചെയ്തു. എം.യു. ഇർഷാദ്, ജെറിൻ കുര്യൻ ജേക്കബ്ബ്, അഡ്വ. ആയിഷ സക്കീർ, കെ.വി. ബഷീർ, അനീഷ് ബാലകൃഷ്ണൻ, പുന്നൂസ് ചാക്കോ, സാംസൺ, എ.എം. അൻസാർ, റഫീഖ് പി.ടി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നിബു സാം ഫിലിപ്പ് സ്വാഗതവും ഖജാൻജി ബിജു കിഴക്കനേല നന്ദിയും പറഞ്ഞു.