ദുബായ്: തീവ്രവാദത്തിനും ഭീകരതയ്ക്കുമെതിരെ കൊണ്ടുവന്ന ആറു പ്രധാന മാര്‍ഗനിര്‍ദേശങ്ങള്‍ ഖത്തര്‍ അംഗീകരിക്കണമെന്ന് സൗദി സഖ്യം. പ്രത്യേക നടപടികളിലൂടെ ഈ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കാനുള്ള പദ്ധതി ചര്‍ച്ചചെയ്ത് തീരുമാനിക്കാനും സഖ്യം തീരുമാനിച്ചു. സൗദി അറേബ്യ, യു.എ.ഇ., ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയില്‍ നടന്ന പത്രസമ്മേളനത്തിലാണ ഇക്കാര്യം വ്യക്തമാക്കിയത്. ജൂലായ് അഞ്ചിന് ഈജിപ്തിലെ കെയ്‌റോയില്‍ നടന്ന യോഗത്തില്‍ ആറ്് മാര്‍ഗനിര്‍ദേശങ്ങള്‍ സൗദി സഖ്യം തീരുമാനിച്ചിരുന്നെന്ന് യു.എന്നിലെ സൗദി അറേബ്യ സ്ഥാനപതി അബ്ദുല്‍ അല്‍ മൗല്ലിമി പറഞ്ഞു. താഴെ പറയുന്നവയാണ് മാര്‍ഗനിര്‍ദേശങ്ങള്‍.

1. എല്ലാ രൂപത്തിലുമുള്ള തീവ്രവാദത്തെയും ഭീകരവാദത്തെയും എതിര്‍ക്കുന്നതിനൊപ്പം അവയ്ക്കുള്ള ധനസഹായവും താവളമൊരുക്കലും പ്രതിരോധിക്കാനുള്ള പ്രതിജ്ഞാബദ്ധത.

2. വിദ്വേഷവും അക്രമവും പ്രോത്സാഹിപ്പിക്കുന്ന എല്ലാ പ്രകോപനപ്രവര്‍ത്തനങ്ങളും പ്രഭാഷണങ്ങളും റദ്ദാക്കണം.

3. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് 2013-ലെ റിയാദ് കരാറും 2014-ലെ അനുബന്ധ കരാറും അതിന്റെ നടപ്പാക്കലും പൂര്‍ണമായും പാലിക്കണം.

4. മേയ് മാസം റിയാദില്‍ നടന്ന അറബ്-ഇസ്ലാമിക്-അമേരിക്കന്‍ ഉച്ചകോടിയുടെ തീരുമാനങ്ങള്‍ കര്‍ക്കശമായി പാലിക്കണം.

5. രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലുള്ള ഇടപെടല്‍ പാടില്ലെന്ന് മാത്രമല്ല, നിയമവിരുദ്ധ സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നത് നിര്‍ത്തലാക്കുകയും വേണം.

6. അന്താരാഷ്ട്ര സമൂഹത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാവുന്ന എല്ലാതരം തീവ്രവാദവും ഭീകരവാദവും എതിര്‍ക്കാന്‍ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്.

അല്‍ ജസീറ അടച്ചുപൂട്ടുന്നതിനേക്കാള്‍ അനിവാര്യം അക്രമത്തിലേക്കുള്ള പ്രോത്സാഹനം നിര്‍ത്തലാക്കുക എന്നതാണെന്നും അല്‍ മൗല്ലിമി പറഞ്ഞു. എന്നാല്‍, ഈലക്ഷ്യം കൈവരിക്കാന്‍ അല്‍ ജസീറ അടച്ചുപൂട്ടേണ്ടതുണ്ടെങ്കില്‍ അത് വേണമെന്നും അദ്ദേഹം വ്യക്തമാക്കി. അല്‍ജസീറ അടച്ചുപൂട്ടാതെ ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെങ്കില്‍ നല്ലതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.