ദുബായ്: പുതിയ അധ്യയനവർഷം (2020-21) ദുബായിലെ സ്വകാര്യമേഖലയിലെ സ്കൂളുകളിൽ ഫീസ് വർധനയുണ്ടാവില്ല. സെപ്റ്റംബർ മുതൽ ഫീസ് വർധനയ്ക്ക്‌ സ്വകാര്യസ്കൂളുകൾക്ക് അനുവാദമില്ലെന്ന് ദുബായ് നോളജ് ആൻഡ് ഹ്യൂമൺ ഡെവലപ്‌മെന്റ് അതോറിറ്റി (കെ.എച്ച്.ഡി.എ) അറിയിച്ചു. വാർഷിക വിദ്യാഭ്യാസ ചെലവ് സൂചിക (ഇ.സി.ഐ.) ദുബായ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ തയ്യാറാക്കിയിട്ടുണ്ട്. ഇതുപ്രകാരം 2.35 ശതമാനമാണ് ഇ.സി.ഐ.. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായ സ്റ്റാറ്റിസ്റ്റിക്കൽ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ഇ.സി.ഐ. കെ.എച്ച്.ഡി.എ. തീരുമാനം ദുബായ് മീഡിയ ഓഫീസും ട്വീറ്റ് ചെയ്തിരുന്നു.

സ്കൂൾ ഫീസ് രീതികൾ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും താത്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്ന് കെ.എച്ച്.ഡി.എ. റെഗുലേഷൻസ് ആൻഡ് പെർമിറ്റ്‌സ് കമ്മിഷൻ മേധാവി മുഹമ്മദ് ഡാർവിഷ് പറഞ്ഞു. കൂടാതെ ഇത് വിദ്യാഭ്യാസമേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കും. അതോടൊപ്പം നിലവിലുള്ള സ്കൂളുകളെ അവരുടെ വിദ്യാഭ്യാസനിലവാരം ഉയർത്താനും പ്രേരിപ്പിക്കും. വിദ്യാഭ്യാസത്തിനും കുട്ടികളുടെ ഭാവിക്കുമാണ് പലപ്പോഴും യു.എ.ഇ. അധികൃതർ മുൻഗണന നൽകിവരാറുള്ളത്.

കഴിഞ്ഞ ഏഴുവർഷത്തിനിടെ 72 പുതിയ സ്കൂളുകളാണ് ദുബായ് പ്രവർത്തനം തുടങ്ങിയത്. 70,000 വിദ്യാർഥികൾ അധികമായി ചേർന്നു. സ്വകാര്യസ്കൂളുകളിൽ ചേരുന്നവരുടെ എണ്ണത്തിൽ 31 ശതമാനം വർധനയുണ്ടായി. ഏറ്റവുംപുതിയ വിദ്യാഭ്യാസ ലാൻഡ്‌സ്കേപ്പ് റിപ്പോർട്ട് അനുസരിച്ച് ദുബായിലെ സ്വകാര്യ സ്കൂളുകളിൽ കഴിഞ്ഞവർഷം 2.9 ശതമാനം പേരാണ് അധികമായി ചേർന്നത്.

Content Highlights: Private schools will not raise fees this year