ദുബായ്: തടവുകാരിക്ക് 14 വർഷത്തിനുശേഷം മാതാപിതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കി ദുബായ് പോലീസ്. ദുബായിലെ വനിതകളുടെ ജയിലിൽ കഴിയുന്ന 33-കാരിയായ ഫിലിപ്പീൻ യുവതിക്കാണ് ഏറെക്കാലത്തിനുശേഷം മാതാപിതാക്കളെ കാണാൻ സാധിച്ചത്.

സഹിഷ്ണുതാവർഷം പ്രമാണിച്ച് ദുബായ് പോലീസ് നേതൃത്വംനൽകുന്ന ‘ലെറ്റസ് ടോളറേറ്റ്’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ചയൊരുക്കിയത്. മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട കുറ്റത്തിന് കഴിഞ്ഞ 14 വർഷമായി തടവിലാണ് യുവതി. ഇക്കാലയളവിൽ സ്വദേശത്തുള്ള രക്ഷിതാക്കളെ കണ്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് പോലീസ് തന്നെ മുൻകൈയെടുത്ത് കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. ‘ലെറ്റസ് ടോളറേറ്റ്’ എന്ന സംരംഭംവഴി നാലു തടവുകാർക്ക് ഇത്തരത്തിൽ അവസരം നൽകുമെന്ന് ദുബായ് വനിതാ ജയിൽ മേധാവി കേണൽ ജമീല ഖലീഫ അൽ സാബി പറഞ്ഞു. ശിക്ഷാ കാലാവധിയിലെ നല്ല നടപ്പനുസരിച്ച് പോലീസിന്റെ മാനസികാരോഗ്യ വിഭാഗം നിർദേശിക്കുന്ന തടവുകാരെയാണ് ഈ സംരംഭത്തിനായി തിരഞ്ഞെടുക്കുന്നത്.

രക്ഷിതാക്കളെ കാണാൻ സാധിച്ചതിന് മാത്രമല്ല, തികച്ചും പുതിയൊരു വ്യക്തിയായി മാറാൻ കഴിഞ്ഞതിനും ആറ് പുതിയഭാഷകൾ പഠിക്കാൻ കഴിഞ്ഞതിനും പല കൈത്തൊഴിലുകളിലും പരിശീലനം ലഭിച്ചതിനുമെല്ലാം ദുബായ് പോലീസിനോട് ഏറെ കടപ്പെട്ടിരിക്കുന്നുവെന്ന് ഫിലിപ്പീൻ യുവതി പറഞ്ഞു. മകൾക്ക് ജീവിതത്തിൽ പുതിയൊരു ദിശ നൽകിയതിനും മെച്ചപ്പെട്ട ജീവിത സാഹചര്യം നൽകുന്നതിനും യുവതിയുടെ രക്ഷിതാക്കളും ദുബായ് പോലീസിനോട് നന്ദി പ്രകടിപ്പിച്ചു.

Content Highlights: prisoner meets her parents after 14 years in dubai women jail