അബുദാബി : വിസാ കാലാവധി കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാൻ തയ്യാറെടുക്കുന്ന ഇന്ത്യക്കാരുടെ യാത്രാനടപടികൾ ഇന്ത്യൻ എംബസ്സിയും ഇന്ത്യൻ കോൺസുലേറ്റും ഏകോപിപ്പിക്കും. ഇതിനായി എല്ലാവരും നയതന്ത്ര കാര്യാലയങ്ങളുമായി ബന്ധപ്പെടണം.

2020 മാർച്ച് ഒന്നിന് മുൻപ് വിസാകാലാവധി അവസാനിച്ചവർക്കും കൃത്യമായ താമസ സൗകര്യങ്ങളൊന്നുമില്ലാത്തവർക്കും പിഴ ഒഴിവാക്കി നാട്ടിലേക്ക് മടങ്ങാനുള്ള പദ്ധതിയാണ് യു.എ.ഇ. സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതനുസരിച്ച് ഓഗസ്റ്റ് പതിനേഴിനുള്ളിൽ ആളുകൾക്ക് യാതൊരുവിധ അധിക താമസ പിഴയുമില്ലാതെ രാജ്യംവിടാം. ഈ ആനുകൂല്യത്തിൽ നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യക്കാരുടെ യാത്രാനടപടികൾ എംബസിയും കോൺസുലേറ്റുമാണ് ഏകോപിപ്പിക്കുന്നതെന്ന് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. അബുദാബിയിൽ താമസിക്കുന്നവരും അബുദാബി വിസയുള്ളവരും ഇതിനായി ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണം. ദുബായ്, ഷാർജ, ഫുജൈറ, റാസൽഖൈമ, ഉമ്മുൽഖുവൈൻ, അജ്മാൻ എന്നിവിടങ്ങളിൽ താമസിക്കുന്നവരും അവിടങ്ങളിലെ വിസയുള്ളവരും ദുബായ് ഇന്ത്യൻ കോൺസുലേറ്റിലും ബന്ധപ്പെടണം.

നാട്ടിലേക്ക് മടങ്ങുന്നവർക്കായി എംബസി പ്രത്യേക അപേക്ഷാഫോറം പുറത്തിറക്കിയിട്ടുണ്ട്. പേര്, ജനനതീയതി, പാസ്‌പോർട്ട് നമ്പർ, കാലാവധിതീരുന്ന തീയതി തുടങ്ങിയ വിവരങ്ങളാണ് ഇതിൽ നൽകേണ്ടത്. പാസ്പോർട്ട് ഇല്ലാത്തവർക്ക് അതും അടയാളപ്പെടുത്താനുള്ള ഭാഗമുണ്ട്. സ്വന്തം സംസ്ഥാനം, ഇറങ്ങേണ്ട വിമാനത്താവളം, മടങ്ങാനാഗ്രഹിക്കുന്ന തീയതി, മൊബൈൽ നമ്പർ തുടങ്ങിയ വിവരങ്ങളും ഇതിൽ നൽകണം. ഈ ഫോറം പൂരിപ്പിച്ച് അബുദാബിയിലുള്ളവർ ca.abudhabi@mea.gov.in എന്ന വിലാസത്തിലും മറ്റ് എമിറേറ്റുകളിലുള്ളവർ cons2.dubai@mea.gov.in എന്ന വിലാസത്തിലും ഇ മെയിൽ ചെയ്യണം. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്നതിന് ഏഴുദിവസം മുൻപെങ്കിലും പൂരിപ്പിച്ച ഫോറം എംബസിയിലും കോൺസുലേറ്റിലും ലഭിച്ചിരിക്കണം. ഇ മെയിൽ ചെയ്യാനുള്ള സാഹചര്യമില്ലാത്തവർക്ക് എംബസിക്കും കോൺസുലേറ്റിനും മുന്നിൽ ഇതിനായി സ്ഥാപിച്ച പെട്ടികളിൽ പൂരിപ്പിച്ച അപേക്ഷാഫോറം നേരിട്ട് നിക്ഷേപിക്കാം. പാസ്പോർട്ടിലെ ആദ്യത്തെയും അവസാനത്തെയും പേജുകളും വിസ പേജും ഫോൺ നമ്പറും ഇതിനൊപ്പമുണ്ടാവണം. സന്ദർശക വിസയിലെത്തിയവരാണെങ്കിൽ അതിന്റെ പകർപ്പും നൽകണം.

ഈ ആനുകൂല്യത്തിനായി അപേക്ഷിക്കുന്നവർ കാലാവധി കഴിയാത്ത പാസ്പോർട്ട് കൈവശമുണ്ടെന്ന് ഉറപ്പുവരുത്തണം. പാസ്പോർട്ട് ഇല്ലാത്തവർ പിഴയൊഴിവാക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കുന്നതിന് മുൻപേ എംബസിയിലോ, കോൺസുലേറ്റിലോ പാസ്പോർട്ടിനായോ എമർജൻസി സർട്ടിഫിക്കറ്റിനായോ അപേക്ഷ സമർപ്പിക്കണം. എമർജൻസി സർട്ടിഫിക്കറ്റ് അനുവദിച്ചുകഴിഞ്ഞാൽ സംവിധാനത്തിൽനിന്ന്‌ പാസ്പോർട്ട് സ്വയമേവ അസാധുവാകും. ഇവർക്ക് ഇന്ത്യയിലെത്തിയ ശേഷം പുതിയ പാസ്പോർട്ട് എടുത്ത് മാത്രമേ ഉപയോഗിക്കാനാവൂ.

എംബസിയിലും കോൺസുലേറ്റിലും ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ചശേഷം ബന്ധപ്പെട്ട യു.എ.ഇ. വകുപ്പുകൾക്ക് കൈമാറും. ഈ പരിശോധനയിൽ ആനുകൂല്യത്തിന് അർഹതയുണ്ടെന്ന് തെളിഞ്ഞാൽ ഫോൺ വഴിയോ, ഇ മെയിലായോ സന്ദേശം അപേക്ഷകരിലേക്കെത്തും. ഇതിന് അഞ്ച് പ്രവൃത്തിദിവസമെടുക്കും. ഇതിനുശേഷം ഏറ്റവുമടുത്ത ദിവസങ്ങളിൽ ആളുകൾക്ക് നാട്ടിലേക്ക് മടങ്ങാനാവും. അപേക്ഷകൾ പരമാവധി ഓൺലൈനായി സമർപ്പിക്കാൻ ശ്രമിക്കണം.

ഇതിനായി എംബസിയിലും കോൺസുലേറ്റിലും കൂടുതൽ പേർ എത്തുന്നത് കോവിഡ് സുരക്ഷയെ ബാധിച്ചേക്കും. ഈ ആനുകൂല്യത്തിന് അർഹരായവരെ കണ്ടെത്തി നാട്ടിലേക്ക് മടങ്ങാനുള്ള സൗകര്യങ്ങൾ ഏർപ്പാടാക്കുന്നതിന് സാഹായിക്കാൻ എംബസി സന്നദ്ധ സംഘടനകളോട് അഭ്യർഥിച്ചു. വളരെയധികം കഷ്ടതയാനുഭവിക്കുന്നവർക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് ഇപ്പോഴുള്ളത്. അത് പ്രയോജനപ്പെടുത്തണെമെന്നും എംബസി ആവശ്യപ്പെട്ടു.