ഷാർജ: ബുധനാഴ്ച രാത്രി കേരളത്തിലേക്ക് ഷാർജയിൽനിന്ന് കൊണ്ടുപോയത് മലയാളികളുടെമാത്രം അഞ്ച് മൃതദേഹങ്ങൾ. വയനാട് സ്വദേശി ജഗദീശൻ, തിരുവനന്തപുരം സ്വദേശികളായ പ്രഭാകരൻ രാജീവൻ, വാസു സുനിൽകുമാർ, ഇടുക്കി സ്വദേശി വിഷ്ണു വിജയൻ, കണ്ണൂർ സ്വദേശി ജയപ്രകാശ് എന്നിവരുടെ മൃതദേഹങ്ങളാണ് കൊണ്ടുപോയത്. അവയിൽ ഒരെണ്ണം തൂങ്ങിമരണവും മറ്റൊന്ന് കെട്ടിടത്തിൽനിന്നും വീണുമരിച്ചതും മൂന്നുമരണം ഹൃദയാഘാതം മൂലവുമാണ്. ജൂൺ 17-നാണ് കണ്ണൂർ എടയന്നൂർ സ്വദേശി അഴിൽവീട്ടിൽ ജയപ്രകാശ് (38) ദുബായിൽ തൂങ്ങിമരിച്ചത്. സാമൂഹിക പ്രവർത്തകനായ റിയാസ് കൂത്തുപറമ്പിന്റെ സഹായത്തിൽ നാട്ടിലുള്ള ബന്ധുക്കളെ മരണവിവരം അറിയിക്കുകയും മൃതദേഹം ബുധനാഴ്ച രാത്രി ഷാർജയിൽനിന്നും നാട്ടിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ചാത്തമംഗലത്ത് വാസുദേവൻ നമ്പ്യാരുടെയും പത്മിനിയുടെയും മകനാണ് മരിച്ച ജയപ്രകാശ്.

പ്രവാസലോകത്തെ ഉള്ളുലയ്ക്കുന്ന ആത്മഹത്യകളുടെ കഥകൾ വീണ്ടും തുടർക്കഥയാവുകയാണ്. സാമ്പത്തികപ്രശ്നങ്ങൾ, ഒറ്റപ്പെടൽ, മാറാരോഗങ്ങൾ എന്നിവയാണ് ഒരിടയ്ക്ക് ആത്മഹത്യയിലേക്ക് നയിച്ചിരുന്നതെങ്കിൽ ഇപ്പോൾ കോവിഡ് ഭീതിമൂലമുള്ള ആത്മഹത്യകളും ഒട്ടും കുറവല്ല. പ്രായഭേദമമെന്യേ ഒട്ടേറെപ്പേർ ഈയടുത്ത കാലത്ത് ജീവിതം അവസാനിപ്പിച്ചു. ഹൃദയാഘാതംമൂലമുള്ള മരണങ്ങളും നിത്യേന വർധിക്കുന്നു. മലയാളികളാണ് ഇത്തരത്തിൽ മരിക്കുന്നവരിലേറെയും.

സ്വന്തം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യം അന്വേഷിച്ച് ഉറപ്പിച്ചശേഷം ആത്മഹത്യചെയ്ത മലയാളിയുടെ കാര്യം സാമൂഹികപ്രവർത്തകനായ അഷറഫ് താമരശ്ശേരി കഴിഞ്ഞദിവസമാണ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. തൃശ്ശൂർ കീഴൂർ സ്വദേശി സതീഷ് (55) ആണ് സ്വന്തം മൃതദേഹം നാട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്ത് ഷാർജയിൽ തൂങ്ങിമരിച്ചത്. അഷ്‌റഫ് താമരശ്ശേരിയുടെ വികാര തീവ്രമായ കുറിപ്പ് സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഷാർജയിലെ റെന്റ് എ കാർ സ്ഥാപനത്തിൽ ജോലിചെയ്യുന്ന സതീഷ് കൂടെ താമസിക്കുന്ന ആൾ ആത്മഹത്യ ചെയ്തെന്നും മൃതദേഹം വൈകാതെ നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് ജീവിതം അവസാനിപ്പിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് അഷ്‌റഫ് താമരശ്ശേരിയെ സ്വന്തം മരണം മറ്റൊരാളുടെ പേരിൽ മുൻകൂട്ടി വിളിച്ചറിയിച്ച് സതീഷ് മരിച്ചത്. അന്നുച്ചയ്ക്ക് സ്ഥാപനത്തിലെ പി.ആർ.ഒ. അഷ്‌റഫിനെ വിളിച്ച് സതീഷിന്റെ തൂങ്ങിമരണം അറിയിക്കുകയായിരുന്നു. ഇതേ കമ്പനിയിലെ സന്തോഷ് എന്നയാൾ മരിച്ചതായി രാവിലെ വേറൊരാൾ വിളിച്ചല്ലോ എന്ന് അഷ്‌റഫ് പി.ആർ.ഒ.യോട് തിരക്കിയപ്പോൾ വിവരമറിയിച്ച ആൾതന്നെയായിരുന്നു മരിച്ചതെന്നായിരുന്നു മറുപടി.

ഇത്തരത്തിൽ മുൻധാരണയോടെ ആത്മഹത്യ സംഭവിക്കുന്നതും സാധാരണമാകുന്നെന്നും ബോധവത്കരണമടക്കം പരിഹാരനിർദേശങ്ങൾ അനിവാര്യമാണെന്നും അഷ്‌റഫ് താമരശ്ശേരി പറഞ്ഞു. മരിച്ചവരുടെ കൂടുതൽവിവരങ്ങൾ പോലും അന്വേഷിക്കാൻ തുടങ്ങവേ അടുത്തമരണങ്ങളുടെ വിവരങ്ങൾ എത്തിയിട്ടുണ്ടാവുമെന്ന് റിയാസ് കൂത്തുപറമ്പും പറയുന്നു. മാനസിക പ്രയാസങ്ങൾക്കടിമപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നും കുടുംബം, ജീവിതസാഹചര്യം എല്ലാം ഓർമയിൽ ഉണ്ടാവണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൻ വ്യക്തമാക്കി. കൃത്യമായ വ്യായാമവും ആഹാര ക്രമീകരണവും ആവശ്യത്തിനുള്ള ഉറക്കവും ഉണ്ടാകാത്തതുമൂലം ഹൃദയാഘാതംവരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും യു.എ.ഇ.യിലെ ഡോക്ടർമാരും ഓർമിപ്പിക്കുന്നു.