കാഞ്ഞങ്ങാട്: ’ഈ പ്രതിസന്ധികാലത്ത് എങ്ങനെ കടം വീട്ടാനാകും. ഇനിയെനിക്ക് ഇത്രയും പണം കൊടുത്തുതീർക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ പോകുന്നു. ഗൾഫിലും കോവിഡ് ഇവിടെയും കോവിഡ്. അവിടേക്ക് തിരിച്ചുപോകാനും കഴിയുന്നില്ല. ഇവിടെ പണിയുമില്ല...’ ഇതും കൊടുക്കാനുള്ള പണത്തിന്റെ കണക്കും എഴുതിവച്ച് പ്രവാസി കിണറ്റിൽച്ചാടി മരിച്ചു. രാവണേശ്വരത്തെ ടി.വി.മോഹനനാ(48)ണ് വീട്ടു കിണറ്റിൽ ചാടി ജീവനൊടുക്കിയത്.

ദുബായിൽ ഒരു ഫ്ലാറ്റിന്റെ മേൽനോട്ട ജോലിക്കാരനായ മോഹനൻ ജനുവരിയിലാണ് നാട്ടിലെത്തിയത്. കോവിഡ്‌ കാലമായതിനാൽ തിരിച്ചുപോകാനായില്ല. വ്യാഴാഴ്ച രാവിലെ മുതൽ മോഹനനെ കാണാതായതിനാൽ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തി. ഒടുവിൽ കാഞ്ഞങ്ങാട്ടുനിന്ന് അഗ്നിരക്ഷാസേനയെത്തി 20 കോൽ ആഴമുള്ള കിണറ്റിലിറങ്ങി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

കിടപ്പുമുറിയിൽനിന്ന് മൂന്നുപേജുള്ള ആത്മഹത്യാക്കുറിപ്പും ലഭിച്ചു. വിവിധ ബാങ്കുകളിലെ കടംമാത്രം 10 ലക്ഷത്തിലേറെയുണ്ട്. വ്യക്തികളിൽനിന്ന് വാങ്ങിയ പണത്തിന്റെ കണക്കും എഴുതിയിട്ടുണ്ട്. ഏകദേശം 15 ലക്ഷത്തിലധികം രൂപയുടെ കടബാധ്യതയുണ്ടാകുമെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഡി.വൈ.എഫ്.ഐ.യുടെ സജീവ പ്രവർത്തകനായിരിക്കെ 14 വർഷം മുൻപാണ് മോഹനൻ ദുബായിലേക്കു പോയത്. സംഘടനയുടെ കാഞ്ഞങ്ങാട് ഏരിയാ സെക്രട്ടറിയും രാവണേശ്വരം മാക്കിയിലെ അഴീക്കോടൻ ക്ലബ്ബിന്റെ സെക്രട്ടറിയുമായിരുന്നു. ദുബായിൽ യുവധാര സാംസ്കാരിക സംഘടനയുടെ രക്ഷാധികാരിയാണ്.

പരേതനായ തേക്കാനംവീട്ടിൽ ചന്തുവിന്റെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: അനിത (അധ്യാപിക). മക്കൾ: അരുണിമ (പത്താം ക്ലാസ്), ഭവ്യ (ഏഴാം ക്ലാസ്). സഹോദരി: ചന്ദ്രാവതി. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പരിശോധനയ്ക്കായി കാഞ്ഞങ്ങാട്ടെ ജില്ലാ ആസ്പത്രിയിലേക്ക്‌ മാറ്റി.