ദുബായ്: കേരളത്തിലെ പ്രളയത്തിൽ സർവതും നഷ്ടപ്പെട്ട മനുഷ്യർക്ക് കൈത്താങ്ങായി ഷാർജാ ദൈദിലെ മലയാളി വ്യാപാരി രണ്ടേക്കർ ഭൂമി സൗജന്യമായി കൈമാറുന്നു. ദൈദിൽ വർഷങ്ങളായി വിവിധ വ്യാപാരസ്ഥാപനങ്ങൾ നടത്തുന്ന കോട്ടക്കൽ ഈസ്റ്റ് വില്ലൂർ സ്വദേശി കേളംപടിക്കൽ ഇബ്രാഹിമാണ് ലക്ഷങ്ങൾ വിലവരുന്ന ഭൂമി ദുരിതബാധിതർക്ക് വീടുനിർമിക്കാൻ നൽകുന്നത്.

മലപ്പുറം ജില്ലയിലെ കുറുമ്പലങ്ങാട് വില്ലേജിലെ കൈത്തിനിയിലെയും പോത്തുകല്ല് വില്ലേജിലെ മുണ്ടേരിയിലെയും ഓരോ ഏക്കർ ഭൂമി പ്രളയബാധിതരെ പുനരധിവസിപ്പിക്കുന്ന സർക്കാർപദ്ധതിയിലേക്ക് കൈമാറും. പത്തുവർഷംമുമ്പ് ലക്ഷങ്ങൾ കൊടുത്തുവാങ്ങിയ ഭൂമിയാണിത്. ഇവിടെ 40 പേർക്ക് വീടുണ്ടാക്കാൻ കഴിയും. പി.വി. അബ്ദുൽ വഹാബ് എം.പി., പി.വി. അൻവർ എം.എൽ.എ., റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ ഭൂമി സന്ദർശിച്ച് നിർമാണയോഗ്യമാണെന്ന് ഉറപ്പുവരുത്തിയിരുന്നു.

ബിനുവാണ് ഇബ്രാഹിമിന്റെ ഭാര്യ. മുഹവിസ, മുഹ്‌സിന, വാസിം, ഇർഷാ ഇബ്രാഹിം, നാജിയ എന്നിവർ മക്കളാണ്.