ദുബായ് : എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നത വിജയം നേടിയ മകന് സമ്മാനവുമായി പുറപ്പെടാനിരുന്ന പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രൻ മൻച്ചക്കൽ(50) ആണ് മരിച്ചത്. റാസൽഖൈമ വിമാനത്താവളത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. മരണശേഷം നടത്തിയ പരിശോധനയിൽ പവിത്രന് കോവിഡ് പോസിറ്റീവും സ്ഥിരീകരിച്ചു.

അജ്മാനിലെ ജൂവലറിയിൽ തൊഴിലാളിയായിരുന്നു പവിത്രൻ. എന്നാൽ, കോവിഡ് വ്യാപനത്തോടെ സ്ഥാപനം പൂട്ടി. അതോടെ തൊഴിലും നഷ്ടമായി. മൂന്നുമാസം വരുമാനം നിലച്ചതോടെ റാസൽഖൈമ ചേതന പ്രവാസികൂട്ടായ്മയാണ് നാട്ടിലേക്കുപോകാൻ വഴിയൊരുക്കിയത്. മകൻ ധനൂപിന്റെ പത്താംക്ലാസ് പരീക്ഷാഫലം വന്ന ജൂൺ 30-നുതന്നെ മടങ്ങണമെന്നായിരുന്നു പവിത്രൻ ആഗ്രഹിച്ചത്. മകനുനൽകാൻ നിറയെ സമ്മാനങ്ങളും വാങ്ങി പെട്ടി നിറച്ചിരുന്നു. പൊന്നുമോനൊരു മൊബൈൽ വാങ്ങാനായിരുന്നു ആഗ്രഹമെന്ന് പവിത്രൻ സുഹൃത്തുക്കളോട് ആഗ്രഹം പറഞ്ഞു. എന്നാൽ, സാമ്പത്തികഞെരുക്കത്തിൽ അതായില്ല. ഉള്ളതെല്ലാം പെറുക്കികൂട്ടിയാണ് സമ്മാനം വാങ്ങിയത്. യാത്രയാക്കാൻ വിമാനത്താവളത്തിലെത്തിയ സുഹൃത്ത് ഷാജിയും കൂട്ടരും വിളിച്ചപ്പോഴാണ് മരണവാർത്തയറിയുന്നത്. കുഴഞ്ഞുവീണ പവിത്രനെ ഉടൻ റാസൽഖൈമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ സുമിത്ര. മറ്റുമക്കൾ: ധനുഷ, ധമന്യ. സഹോദരങ്ങൾ: രവീന്ദ്രൻ, ശോഭ.

മരണവാർത്തയറിഞ്ഞ വി.പി.എസ്. ഹെൽത്ത്‌കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിൽ ധനൂപിന്റെ പഠനച്ചെലവ് ഏറ്റെടുക്കാൻ സന്നദ്ധതയറിയിച്ചു. പ്ലസ്ടു, ഡിഗ്രി പഠനച്ചെലവുകൾ ഡോ. ഷംഷീർ വഹിക്കും. അടിയന്തരസഹായമായി അഞ്ചുലക്ഷം രൂപ കുടുംബത്തിന് കൈമാറും.