കാളികാവ്: ഇത്തവണ ഈസ്റ്ററും വിഷുവും റംസാനുമെല്ലാം പ്രവാസികൾക്ക് നിറംമങ്ങിയതായി. കോവിഡിന്റെ ആദ്യഘട്ടത്തിൽ നാട്ടിലേക്ക് മടങ്ങാതെനിന്ന പ്രവാസികളിൽ പലരും പ്രതീക്ഷയോടെ കാത്തിരിക്കുമ്പോഴാണ് കോവിഡിന്റെ രണ്ടാംവരവ്. പ്രതിസന്ധികളെ അതിജീവിച്ച് ആദ്യഘട്ടം നാട്ടിലെത്തിയ സഹജീവികൾ നേരിടുന്ന ദുരവസ്ഥയും മടങ്ങുന്നതിൽ നിന്ന് അവരെ പിന്തിരിപ്പിക്കുന്നു. യാത്രാനിരോധനം നില നിൽക്കുന്നതിനാൽ നാട്ടിലെത്തിയ ഭൂരിഭാഗം പ്രവാസികൾക്കും തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ല.

കോവിഡ് ആരംഭിച്ചശേഷം സൗദിയിലേക്ക് ഇന്ത്യയിൽ നിന്നുള്ള വിമാനസർവീസ് സാധാരണഗതിയിലായിട്ടില്ല. ആദ്യഘട്ടത്തിൽ ദുബായ് വഴി ചുറ്റിയാണ് പ്രവാസികൾ സൗദിയിൽ തിരിച്ചെത്തിയത്. ദുബായിയും വിമാനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയതോടെ അതും പറ്റാതായി. അവധി ലഭിച്ചിട്ടും നാട്ടിലേക്കുമടങ്ങാൻ കഴിയാത്തവർ പ്രവാസലോകത്തുള്ളപ്പോൾ നാട്ടിലെത്തി മടക്കയാത്ര മുടങ്ങിയവരിൽ പലരുടേയും വിസ കാലാവധി അവസാനിക്കുകുകയുംചെയ്തു. യാത്രാനിരോധനം നീങ്ങിയാൽത്തന്നെ പുതിയ തൊഴിൽവിസ ലഭിക്കണം. പ്രവാസികൾ കൂട്ടത്തോടെ മടങ്ങിയെത്തിയതിനാൽ നാട്ടിലും തൊഴിൽ പ്രതിസന്ധിയാണ്.

കോവിഡിന്‍റെ ആദ്യഘട്ടത്തിൽ ദുബായിൽ 14 ദിവസം ക്വാറൻറീനിൽകഴിഞ്ഞ് സൗദിയിലേക്ക് യാത്രചെയ്യാൻ കഴിഞ്ഞിരുന്നു. മൂന്നുമാസം മുമ്പ് ദുബായിൽനിന്ന് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയതോടെ ഈവഴിയും മുട്ടി. മാലിദ്വീപ്, നേപ്പാൾ, യമൻ തുടങ്ങിയ രാജ്യങ്ങളിലൂടെ സൗദിയിൽ എത്താൻ മാർഗമുണ്ട്. പക്ഷേ, യാത്രക്ക് ഒരു ലക്ഷത്തിലേറെ രൂപ ചെലവ് വരും. വൻകിട കമ്പനികളിൽ ജോലി ചെയ്യുന്നവർ മാത്രമാണ് യാത്രക്ക് ഈ മാർഗം സ്വീകരിക്കുന്നത്.

ആദ്യഘട്ടത്തിൽ നാട്ടിൽ തിരിച്ചെത്തി മടങ്ങേണ്ടെന്ന് തീരുമാനിച്ചവർ കൃഷി, ചെറുകിട വഴിയോരക്കച്ചവടം തുടങ്ങിയവയിലേക്ക് തിരിഞ്ഞിട്ടുണ്ട്. യാത്രാ നിരോധനവുമായി ബന്ധപ്പെട്ട തീരുമാനം ഭരണകൂടത്തിന്റേത്‌ ആയതിനാൽ നോർക്ക പോലെയുള്ള ഏജൻസികൾക്ക് ഇടപെടാനും പറ്റുന്നില്ല. പ്രവാസ ലോകത്തുനിന്നുള്ള വരുമാനം കുറഞ്ഞത് മലബാറിന്റെ സാമ്പത്തികമേഖലയെയും പ്രതികൂലമായി ബാധിച്ചു. പലയിടങ്ങളിലും വർഷങ്ങളായി തുടർന്നുവന്ന റിലീഫ് പ്രവർത്തനങ്ങൾ നിലച്ചു.