സമ്പാദ്യശീലത്തിനായി പറഞ്ഞുംപ്രേരിപ്പിച്ചും പ്രവാസജീവിതത്തിന് അരനൂറ്റാണ്ട്ദുബായ് : പ്രവാസികളോട് സമ്പാദ്യശീലത്തെക്കുറിച്ച് പറഞ്ഞും ജീവിതത്തിന്റെ സായംകാലത്ത് അത് അനിവാര്യമാവുന്നതിനെക്കുറിച്ച് ഓർമിപ്പിച്ചുമുള്ളതായിരുന്നു എന്നും കെ.വി. ഷംസുദ്ദീന്റെ ജീവിതം. യു.എ.ഇ. എന്ന രാജ്യം പിറവിയെടുക്കുന്നതിന് മുമ്പ് ഈ മണ്ണിൽ ആരംഭിച്ച പ്രവാസ ജീവിതം അരനൂറ്റാണ്ട് പിന്നിടുമ്പോഴും ദൗത്യത്തിൽനിന്ന് അദ്ദേഹം പിന്മാറുന്നില്ല.

കോവിഡിന് ശേഷമുള്ള ലോകം അടിമുടി മാറുമെന്നും തൊഴിൽ മേഖലയിൽ സമൂലമായ മാറ്റം ഉണ്ടാവുമെന്നും പ്രവചിക്കുന്ന കെ.വി. ഷംസുദ്ദീൻ ആ ലോകത്തേക്കുള്ള പ്രയാണത്തിന് നാം സ്വയം സജ്ജരാകണമെന്നും ഉപദേശിക്കുന്നു.

മുംബൈയിൽനിന്ന് കപ്പൽ മാർഗം ദുബായ് വഴി ഷാർജയിൽ എത്തിയ ഈ തൃശ്ശൂർക്കാരൻ ഈ അമ്പത് വർഷവും ജീവിച്ചതും ഷാർജയിൽത്തന്നെ എന്നതും മറ്റൊരു കൗതുകം. റേഡിയോയിലൂടെയും ടെലിവിഷൻ ചാനലുകളിലൂടെയും സെമിനാറുകളിലൂടെയും ഒഴിവ് വേളകളിൽ സമ്പാദ്യശീലത്തെ ക്കുറിച്ച് പ്രവാസികളോട് എന്നും പറഞ്ഞുകൊണ്ടിരുന്ന ഷംസുദ്ദീൻ ഈ കോവിഡ് നാളുകളിൽ വെബിനാറുകളിലൂടെയാണ് സന്ദേശം വ്യാപിപ്പിക്കുന്നത്. ചെലവുകഴിച്ച് ബാക്കി വരുന്നതല്ല സമ്പാദ്യമെന്നും ആദ്യംതന്നെ ഒരു നിശ്ചിത സംഖ്യ, അത് ചെറുതോ വലുതോ ആവട്ടെ സമ്പാദ്യമായി മാറ്റണമെന്ന് അദ്ദേഹം എല്ലാവരോടും പറഞ്ഞുകൊണ്ടിരിക്കുന്നു.

1970 ജൂലായ് 20- ന് ട്രൂഷ്യൽ സ്‌റ്റേറ്റ്‌സിലേക്കുള്ള ( യു.എ.ഇ യുടെ ആദ്യ രൂപം) വിസയുമായി എത്തിയ ഷംസുദ്ദീൻ ഉപജീവനത്തിനായി ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ തന്നെ സമ്പാദ്യശീലത്തെ കുറിച്ചും മലയാളികളോട് പറഞ്ഞുകൊണ്ടിരുന്നു. വൈകാതെ ഇതിനായി രൂപംനൽകിയ പ്രവാസിബന്ധു ചാരിറ്റബിൾ ട്രസ്റ്റിന്റെ ചെയർമാൻ എന്ന നിലയിൽ പ്രവാസികൾ എങ്ങനെ അവരുടെ സമ്പാദ്യം വിനിയോഗിക്കണമെന്നും സമ്പാദ്യത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും അദ്ദേഹം നിരന്തരം സംസാരിച്ചു. പത്താംവയസ്സിൽ ഉമ്മ സമ്മാനമായി നൽകിയ പത്ത് രൂപ നോട്ടുമായി പോസ്റ്റ് ഓഫീസിൽ പോയി നൂറ് നാഷനൽ സേവിങ്‌സ് സ്കീമിന്റെ സ്റ്റാമ്പുകൾ വാങ്ങി സമ്പാദ്യശീലം ആരംഭിച്ച ബാല്യത്തെക്കുറിച്ച് പറയാനും അദ്ദേഹം മറക്കുന്നില്ല. വ്യാഴാഴ്ച ഒരു സൂം മീറ്റിങ്ങിലൂടെ സ്വന്തം ജീവിതത്തെ അദ്ദേഹം മാധ്യമപ്രവർത്തകർക്ക് മുന്നിൽ അവതരിപ്പിച്ചു.

കപ്പൽ ഇറങ്ങി അടുത്തമാസംതന്നെ ജനറൽ ട്രേഡേഴ്സ് എന്ന കമ്പനിയിൽ ജോലിലഭിച്ചു. അവിടെ നാലുവർഷത്തെ സേവനത്തിന് ശേഷം 1974-ൽ ഷാർജ ഡിഫൻസ് സർവീസിലെത്തി. പ്രവാസത്തിന്റെ ആദ്യനാളുകളിൽ പരിചയപ്പെട്ട രണ്ട് മലയാളികളുടെ ദയനീയമായ ജീവിതമായിരുന്നു സമ്പാദ്യശീലത്തെക്കുറിച്ച് പ്രവാസലോകത്താകെ വ്യാപിപ്പിക്കണമെന്ന ചിന്തയിലേക്ക് ഷംസുദ്ദീനെ നയിച്ചത്.

പ്രവാസികളെക്കൊണ്ട് എൻ.ആർ.ഇ. അക്കൗണ്ടുകൾ തുടങ്ങിക്കാനായിരുന്നു ഷംസുദ്ദീന്റെ ആദ്യശ്രമം. 1976- ൽ ഷംസുദ്ദീനെ യു.ടി.ഐ. ആദ്യത്തെ വിദേശ ഏജൻസിയായി നിയോഗിച്ചു. പിന്നീട് ജെ.എം. ഫിനാൻഷ്യൽ സർവീസിന്റെ യു.എ.ഇ. യിലെ സബ് ബ്രോക്കറായി. ഇതിനിടയിൽ ജോലി ഉപേക്ഷിച്ച് സ്വന്തമായി ഒരു ബ്രോക്കറേജ് കമ്പനിക്ക് ഷംസുദ്ദീൻ രൂപം നൽകി. 1995-ൽ ജിയോജിത് ഫിനാൻഷ്യൽ സർവീസിൽ ചേർന്ന ഷംസുദ്ദീൻ എൻ.ആർ.ഐ. പ്രമോട്ടറായി 2002 വരെ അതിന്റെ ബോർഡ് അംഗമായി തുടർന്നു.

2001-ൽ ശൈഖ് സുൽത്താൻ ബിൻ സൗദ് അൽ ഖാസിമിയുടെ സഹായ സഹകരണത്തോടെ സ്വന്തമായി ബുർജീൽ ജിയോജിത് ഫിനാൻഷ്യൽ സർവീസ് എൽ.എൽ.സി. ആരംഭിച്ചതോടെ ഷംസുദ്ദീന്റെ പ്രവർത്തനമേഖലയും വിപുലമായി.

ആ അനുഭവങ്ങളിൽനിന്നുള്ള പാഠങ്ങളാണ് ഇപ്പോഴും പ്രവാസികളോട് പറയുന്നതെന്നും ഷംസുദ്ദീൻ പറയുന്നു. ആയിരക്കണക്കിന് ആളുകളിൽ സമ്പാദ്യശീലത്തെക്കുറിച്ച് ബോധമുണ്ടാക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യമാണ് അരനൂറ്റാണ്ടിന്റെ പ്രവാസജീവിതത്തിലെ വലിയ സമ്പാദ്യമെന്നും അദ്ദേഹം പറയുന്നു.