ദുബായ്

: കോവിഡ് കാലം അകറ്റിയ മക്കളെ ഒരുനോക്കുകാണാൻ കാത്തിരിക്കുകയാണ് യു.എ.ഇയിൽ ഒത്തിരി അമ്മമാർ. വിമാനസർവീസ് മുടങ്ങി മാസം നാല് കഴിഞ്ഞതോടെ അമ്മമാരെല്ലാം ഒത്തുചേർന്ന് ഒരു വാട്‌സാപ്പ് കൂട്ടായ്മ രൂപവത്‌കരിച്ചു. പിരിഞ്ഞിരിക്കുന്ന കുഞ്ഞുമക്കളെ അടുത്തെത്തിക്കുകയാണ് #takemetoMoM എന്ന കൂട്ടായ്മയുടെ ലക്ഷ്യം. വിമാനസർവീസുകളിലെ അനിശ്ചിതത്വം ഉടനെ അവസാനിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഏറെപേരും. എന്നാൽ ആ അനിശ്ചിതത്വം നീണ്ടതോടെ കടുത്ത മാനസികസംഘർഷത്തിലാണ് ഏറെപ്പേരും.

യു.എ.ഇയിൽനിന്ന് ബന്ധുക്കളെ കാണാൻ പോയവരും പഠിക്കാൻ പോയവരും ഉൾപ്പെടെ കോവിഡ് കാലത്ത് ഒട്ടേറെ കുട്ടികളാണ് ഇന്ത്യയിൽ കുടുങ്ങിയത്. ഒന്നര മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾ ഇത്തരത്തിൽ നാട്ടിൽ ഒറ്റപ്പെട്ടുപോയിട്ടുണ്ട്. നാട്ടിൽ ഹോസ്റ്റലിൽനിന്ന് പഠിക്കുന്ന കുട്ടികൾക്ക് ലോക്ഡൗൺ മൂലം കാമ്പസുകൾ അടച്ചതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായിരുന്നു. ചുരുക്കം ചിലർക്ക് ബന്ധുക്കളുടെയും കുടുംബ സുഹൃത്തുക്കളുടെയും വീട് താങ്ങായിട്ടുണ്ടെങ്കിലും അതൊന്നും ഒരു ശാശ്വത പരിഹാരമാകുന്നില്ലെന്ന് അമ്മമാർ പറയുന്നു. നാട്ടിലേക്ക് വന്ദേഭാരത് ഉൾപ്പെടെ വിമാനങ്ങൾ സർവീസ് നടത്തുന്നുണ്ടെങ്കിലും അവശ്യമേഖലയിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് തത്കാലം പോകാനാവില്ല. ഈ സാഹചര്യത്തിലാണ് യു.എ.ഇയിൽനിന്നുള്ള മൂവാറ്റുപുഴ സ്വദേശി പ്രിയ ഫിറോസ്, ഡോ.നിദ സലാം എന്നിവർ പ്രശ്നം അധികാരികളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്.

ആരോഗ്യ പ്രവർത്തകരെയും മറ്റു സന്നദ്ധ പ്രവർത്തകരെയും പ്രത്യേക വിമാനത്തിൽ കൊണ്ടുവരാൻ അധികൃതർ അനുമതി നൽകിയത് പോലെ, നാട്ടിൽ ഒറ്റപ്പെട്ടുപോയ കുട്ടികൾക്കും പ്രത്യേക പരിഗണന നൽകണം. എത്രയും പെട്ടെന്ന് അവരെ അമ്മമാരുടെ അരികിലെത്തിക്കണം. ഇതിനായി കോൺസുലേറ്റിനെയും മറ്റ് അധികാരികളെയും സമീപിക്കാനുള്ള ഒരുക്കത്തിലാണ് കൂട്ടായ്മ. ഇക്കാര്യം ഉന്നയിച്ച് വിദേശകാര്യമന്ത്രാലയത്തിനും നയതന്ത്രകാര്യാലയത്തിനും സങ്കടഹർജി നൽകും. ആവശ്യമായ നിയമനടപടികളും സ്വീകരിക്കും. മലയാളികൾ ഉൾപ്പെടെ ഇരുന്നൂറിലേറെ പേരാണ് സങ്കടഹർജി അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താൻ കാത്തിരിക്കുന്നത്.

ദുബായ് ഇന്ത്യൻ കോൺസുലേറ്റിന്റെ ട്വിറ്റർ പേജിൽ കഴിഞ്ഞ ദിവസമാണ് 10 വയസ്സുള്ള പെൺകുട്ടിയും ആറ്്‌ വയസ്സുള്ള ആൺകുട്ടിയും ഇന്ത്യയിൽ കുടുങ്ങിപ്പോയ അമ്മയെ തിരികെ എത്തിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടത്. അത്യാവശ്യത്തിനായി നാല് മാസം മുൻപ് നാട്ടിൽപോയ അമ്മ അവിടെ കുടുങ്ങിപ്പോയെന്നും വളരെ വിഷമത്തിലാണെന്നുമാണ് കുട്ടികൾ വീഡിയോയിൽ പറയുന്നത്. ഇത്തരത്തിൽ ഒട്ടേറെ പേരാണ് നാട്ടിലും ഗൾഫ് നാടുകളിലുമായി ഉറ്റവരെ പിരിഞ്ഞിരിക്കുന്നത്.