നാട് വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കുന്നത് കണ്ടും കേട്ടും ആശങ്കയിലാണ് എല്ലാപ്രവാസികളും. സ്വന്തം നാടിനേയും ഗ്രാമത്തേയും നഗരത്തേയുമെല്ലാം ആശങ്കയോടെ നോക്കിനിൽക്കുകയാണ് എല്ലാവരും. ഇടയ്ക്കിടെ നാട്ടിൽവിളിച്ച് സ്ഥിതിഗതികൾ ആരായാനും പ്രവാസികൾ മറക്കുന്നില്ല. അവിടത്തെ ഓരോശ്വാസവും പ്രവാസി അറിയുന്നുണ്ട്. നാട്ടിലേക്ക് ദുരിതാശ്വാസ പ്രവർത്തനത്തിനായി എന്ത് ചെയ്യാനാവും എന്നും ആലോചിക്കുന്നവർ ധാരാളം. വേനലവധി പ്രമാണിച്ച് നാട്ടിലേക്ക് സകുടുംബമായും അല്ലാതെയും പോയ ആയിരക്കണക്കിന് പ്രവാസികൾക്കും ഇതൊരു പുതിയ അനുഭവമായിരുന്നു.

പെരുന്നാളും ഓണവുമെല്ലാം സ്വന്തക്കാർക്കൊപ്പം ആഘോഷിക്കാൻ പുറപ്പെട്ടവരെല്ലാം കനത്തമഴയും വെള്ളപ്പൊക്കവുംമൂലമുള്ള ദുരിതങ്ങൾക്കും സാക്ഷികളായി. എങ്കിലും പെട്ടെന്ന് തന്നെ എല്ലാം പഴയനിലയിലേക്ക് വരുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. നാട്ടിലെ ഓരോ മഴയും വെയിലും നിശ്വാസവുമെല്ലാം എവിടെയായാലും പ്രവാസിയുടെ കൂടി ചങ്കിടിപ്പ് കൂട്ടുന്നതാണെന്നത് ഈ മഴയും ഓർമിപ്പിച്ചു.

അതേസമയം പ്രവാസികളെ സംബന്ധിച്ച്‌ നാട്ടിൽനിന്ന് ശുഭകരമായ ചില വാർത്തകളും ഈ മലവെള്ളപ്പാച്ചിലിനിടയിൽ വന്നിട്ടുണ്ട് എന്നതും മറക്കാനാവില്ല. അതിൽ ഏറ്റവുംപ്രധാനം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വലിയവിമാനങ്ങൾ ഉടൻ ഇറങ്ങാൻ പോകുന്നുവെന്നതാണ്. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഒക്ടോബറിൽ ഉദ്ഘാടനം ചെയ്യപ്പെടാൻ പോകുന്നുവെന്നതാണ് മറ്റൊന്ന്. വിമാനങ്ങൾക്കൊപ്പം വോട്ട് സംബന്ധിച്ച നല്ലൊരു തീരുമാനവും ഇതിനിടയിൽ എത്തി. പ്രവാസികൾക്ക് മുക്ത്യാർ വോട്ട് അനുവദിക്കുന്നതിനായുള്ള ബില്ലിന് ലോകസഭ അംഗീകാരം നൽകിയതാണ് ആ നല്ല വാർത്ത. ഇനി അടുത്തസമ്മേളനത്തിൽ രാജ്യസഭകൂടി അംഗീകരിച്ചാൽ ലോകത്തെങ്ങുമുള്ള ഇന്ത്യക്കാർ വിലയേറിയ വോട്ടർമാരാകും. അവരുടെ വോട്ടിനും വിലയുണ്ടെന്ന് ഇന്ത്യതിരിച്ചറിയും.

കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് സർവീസ് നടത്താൻ വീണ്ടും അനുമതി നൽകിക്കൊണ്ടുള്ള പ്രഖ്യാപനം മലബാറിൽനിന്നുള്ള പ്രവാസികൾക്കാണ് ഏറെ ആഹ്ലാദംനൽകുന്നത്. സൗദി എയർ ലൈൻസിന്റെ വിമാനങ്ങൾക്ക് സർവീസ് നടത്താനുള്ള അനുമതിയാണ് കഴിഞ്ഞദിവസം ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽനിന്ന്‌ ലഭ്യമായത്.

ഉടൻതന്നെ എയർ ഇന്ത്യ, എമിറേറ്റ്‌സ് എയർലൈൻസ് തുടങ്ങിയ കമ്പനികൾക്കും അനുമതി ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. റൺവേ നവീകരണത്തിനു വേണ്ടി 2015 മേയ് ഒന്നിനാണ് കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ വലിയവിമാനങ്ങളുടെ സർവീസ് താത്‌കാലികമായി നിർത്തലാക്കിയിരുന്നത്. വലിയവിമാനങ്ങളും പ്രധാന അന്താരാഷ്ട്രസർവീസുകളും നിർത്തലാക്കിയതോടെ മിക്ക ഗൾഫ് രാഷ്ട്രങ്ങളിലെയും യാത്രക്കാർ ഏറെ പ്രയാസപ്പെടുകയായിരുന്നു. കരിപ്പൂരിന്റെ നിലനിൽപ്പുപോലും അപകടത്തിലാണെന്ന തിരിച്ചറിവിൽ രൂപപ്പെട്ട സമരങ്ങൾക്ക് ഒടുവിലാണ് ഇപ്പോഴത്തെ തീരുമാനങ്ങൾ. സ്കൂൾ അവധിക്കാലത്തും വിശേഷവേളകളിലും നാട്ടിലേക്കും തിരിച്ചും പ്രവാസികൾക്ക് മറ്റു വിമാനത്താവളങ്ങൾ

ആശ്രയിക്കേണ്ട അവസ്ഥയായിരുന്നു. വിമാനങ്ങളുടെ എണ്ണം കുറഞ്ഞതോടെ അവശേഷിച്ചവയിൽ ഉണ്ടായ അനിയത്രിതമായ ടിക്കറ്റുനിരക്ക് വര്ധനയും യാത്രകൾ ദുസ്സഹമാക്കി. നവീകരണപ്രവൃത്തികൾ പൂർത്തിയായിട്ടും വലിയവിമാനങ്ങളുടെ സർവീസ് പുനരാരംഭിക്കുന്നത് നീട്ടിക്കൊണ്ട് പോകുകയായിരുന്നു. ഇതാകട്ടെ പലതരത്തിലുള്ള അഭ്യൂഹങ്ങൾക്കും വിവാദങ്ങൾക്കും വഴിതുറന്നു. സ്വകാര്യലോബികൾക്ക് വേണ്ടിയുള്ള ചിലരുടെ താത്‌പര്യം ഇതിന് പിന്നിലുണ്ടെന്ന് വരെ ആരോപണം ഉയർന്നു.

‘തിരികെ വേണം കരിപ്പൂർ’ എന്നപേരിൽ ശക്തിയാർജിച്ച പ്രചാരണപ്രവർത്തനങ്ങളും സമരങ്ങളും സമ്മർദങ്ങളുമെല്ലാം ഒടുവിൽ ഫലംകണ്ടതിന്റെ സന്തോഷം ഇപ്പോൾ മലബാറുകാർ പങ്കുവെക്കുന്നുണ്ട്.

ഈമാസം പതിനെട്ടിന് നടക്കുന്ന കണ്ണൂർ വിമാനത്താവളം അതോറിറ്റിയുടെ യോഗം ഉദ്ഘാടനത്തിയ്യതി നിശ്ചയിക്കും. എന്തുവന്നാലും ഒക്ടോബറിൽ തന്നെ വിമാനത്താവളം പ്രവർത്തനസജ്ജമാകുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. അബുദാബി, റിയാദ്, ദോഹ എന്നിവിടങ്ങളിലേക്ക് ആദ്യംതന്നെ സർവീസുകൾ ആരംഭിക്കുമെന്നും തീരുമാനമായിട്ടുണ്ട്. ഉദ്ഘാടനം കണ്ണൂരിന്റെ ഉത്സവംതന്നെയായി മാറും. സ്ഥലം എം.എൽ.എ. ഇ.പി. ജയരാജൻ മന്ത്രിപദത്തിലേക്ക് തിരിച്ചെത്തുന്നതോടെ ആഘോഷത്തിന് കുറെക്കൂടി പൊലിമ കൂടും. എന്തായാലും പതിറ്റാണ്ടുകളായി കണ്ണൂർ കാത്തിരിക്കുന്ന സ്വപ്നമാണ് വിമാനത്താവളം. മാറി മാറി വന്ന ഗവർമ്മെണ്ടുകളുടെയെല്ലാം സംഭാവന ഇതിന്റെ പിറവിക്ക് പിന്നിലുണ്ട്. അതുകൊണ്ടുതന്നെ എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും പ്രവർത്തകർക്കും അവരുടെതായി തന്നെ ഈ ആഘോഷമാക്കിയെടുക്കാം. എന്നാൽ അത് കൂട്ടായി നടത്തിയാൽ അതിന്റെ തിളക്കവും വലിപ്പവുംകൂടും. അത്തരത്തിലുള്ളൊരു കൂട്ടായ്മ അതിന് രൂപപ്പെടുമെന്ന് പ്രത്യാശിക്കാം.

പ്രവാസികൾക്ക് നാട്ടിൽ ആളെവെച്ച് വോട്ട് രേഖപ്പെടുത്താവുന്ന വിധത്തിലുള്ള മുക്ത്യാർ വോട്ട് എന്ന ബിൽ ലോകസഭ പാസാക്കിയതാണ് പോയ വാരത്തിലെ പ്രവാസികളുടെ മറ്റൊരുസന്തോഷം. വരുന്ന തെരഞ്ഞെടുപ്പുകളിൽത്തന്നെ ഇനി വോട്ട് ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. അങ്ങനെയെങ്കിൽ പ്രവാസികൾക്ക് രാഷ്ട്രീയ പാർട്ടികളുടെ മുന്നിൽ വിലകൂടുമെന്ന കാര്യത്തിൽ സംശയമില്ല. ഇനി പെട്ടെന്നുതന്നെ വോട്ടർ പട്ടികയിൽ പേര് ചേർക്കണമെന്ന് പറയുന്നവരാണ് ഏറെയും. നാട്ടിൽ ഒരു വോട്ടറായി മാറുമ്പോൾ തിരഞ്ഞെടുപ്പ് വേളകളിൽ പ്രവാസികളുടെ ശബ്ദവും ആവശ്യങ്ങളും മാനിക്കാൻ സ്ഥാനാർഥികളും പാർട്ടികളും തയ്യാറാവുമെന്ന് അവർ വിശ്വസിക്കുന്നു. ഇതുവരെ സജീവ രാഷ്ട്രീയം കൊണ്ടുനടക്കുന്നവരും ആശയത്തോട് ചേർന്നുനിൽക്കുന്ന കുറെപ്പേരും ഒഴിച്ചാൽ വലിയൊരു ശതമാനംപേരും നാട്ടിൽ വോട്ടർമാരല്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവർ ശ്രമിച്ചിട്ടുമില്ല.

വെറുതെ എന്തിന് വോട്ടർപട്ടികയിൽ പേര് ചേർക്കണമെന്ന് ചോദിച്ചവരായിരുന്നു ഏറെയും. ആ സമയം വോട്ട് ചെയ്യാൻ നാട്ടിൽപ്പോകാൻ കഴിയുമോ എന്ന സംശയമായിരുന്നു വലിയൊരു വിഭാഗത്തിന്. കുറെപ്പേർ തങ്ങളുടെ അസാന്നിധ്യത്തിൽ അത് കള്ളവോട്ടിന് ഇടയാക്കുമെന്ന് സംശയിച്ചവരായിരുന്നു. അവരെ കുറ്റം പറയാനുമാവില്ല. ലോകസഭ മുക്ത്യാർ വോട്ട് ബിൽ പാസാക്കിയതോടെ അധികം വൈകാതെ ഇത് നിയമമായി മാറുമെന്ന പ്രതീക്ഷയിലാണ് പ്രവാസികളെല്ലാം. ഇനി എങ്ങനെ പെട്ടെന്ന് പുതിയ വോട്ടർമാരാകാം എന്ന അന്വേഷണവും ആരംഭിച്ചു കഴിഞ്ഞു. രാഷ്ട്രീയ ചായ്‌വുകളുള്ള പ്രവാസി സംഘടനകളും സജീവ രാഷ്ട്രീയക്കാരായ പൊതുപ്രവർത്തകരുമെല്ലാം ഇനി അതിന്റെ തിരക്കിലാവും.

ഇങ്ങനെ എല്ലാവർക്കും തോളിൽ കൈയിട്ട് നീങ്ങാവുന്ന മൂന്ന് കാര്യങ്ങളാണ് നാട്ടിൽനടന്നത്. മൂന്നും പ്രവാസികളുടെ നിത്യജീവിതവുമായി ഏറെ ചേർന്നു നിൽക്കുന്ന കാര്യങ്ങളാണ്. അതുകൊണ്ടുതന്നെ മൂന്നും പ്രയോഗത്തിൽ വരുന്നതുവരെ കൂട്ടായിത്തന്നെ അതിന് വേണ്ടി നിലകൊള്ളേണ്ടതുണ്ട്. അതിനാവട്ടെ ഇനിയുള്ള ശ്രമം.