അബുദാബി: ഇന്റർനാഷണൽ ഇന്റർഫെയ്‌ത്ത്‌ സമ്മേളനത്തിനായി അബുദാബിയിലെത്തുന്ന ഫ്രാൻസിസ് മാർപ്പാപ്പയെ വരവേൽക്കാനൊരുങ്ങി യു.എ.ഇ.യിലെ വിശ്വാസി സമൂഹം. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് പോപ്പ് ഫ്രാൻസിസ് ചരിത്രപരമായ സന്ദർശനത്തിന് യു.എ.ഇ.യിലെത്തുന്നത്. ഫെബ്രുവരി മൂന്നിന് വൈകീട്ട് അബുദാബിയിലെത്തുന്ന പോപ്പ് അഞ്ചാം തീയതിവരെയാണ് യു.എ.ഇ.യിലുണ്ടാവുക. അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തുന്ന പോപ്പിനെ ശൈഖ് മുഹമ്മദ് സ്വീകരിക്കും. ഫെബ്രുവരി അഞ്ചിന് രാവിലെ പത്തരയ്ക്ക് സായിദ് സ്പോർട്‌സ് സിറ്റിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഒരുലക്ഷത്തിലധികം ആളുകളെ അഭിസംബോധന ചെയ്ത് പോപ്പ് സംസാരിക്കും.

പത്ത് ലക്ഷത്തിലധികം റോമൻ കത്തോലിക്കാരടക്കമുള്ള ക്രിസ്തീയ വിശ്വാസി സമൂഹമാണ് യു.എ.ഇ.യിലുള്ളത്. പോപ്പിന്റെ സന്ദർശനം അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സമൂഹം. പോപ്പിന്റെ സന്ദർശനം ചരിത്രത്തിന്റെ ഭാഗമായിരിക്കുമെന്നും സമൂഹത്തിൽ സ്നേഹവും സഹവർത്തിത്വവും ഉറപ്പാക്കാനും മാനവികത മുറുകെപ്പിടിക്കാനും ബന്ധം കൂടുതൽ ശക്തമാക്കാനും ഇത് സഹായിക്കുമെന്നും യു.എ.എ വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിൽ കുറിച്ചിരുന്നു. യു.എ.ഇയും വത്തിക്കാനും തമ്മിലുള്ള ബന്ധം സുശക്തമാക്കാൻ പോപ്പിന്റെ സന്ദർശനം സഹായിക്കുമെന്ന് യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ അറിയിച്ചു.

പോപ്പ് ഫ്രാൻസിസിന്റെ യു.എ.ഇ. സന്ദർശനംകാര്യപരിപാടികൾ

ഫിബ്രവരി മൂന്ന് ഞായർ

* ഉച്ചയ്ക്ക് ഒന്നിന് റോമിലെ ഫൈയുമിഷിനോയിൽ നിന്ന്‌ അബുദാബിയിലേക്ക് പുറപ്പെടും

* രാത്രി പത്തിന് അബുദാബി അൽ ബത്തീൻ പ്രസിഡൻഷ്യൽ വിമാനത്താവളത്തിലെത്തും

നാല് തിങ്കൾ

* ഉച്ചയ്ക്ക് 12-ന് പ്രസിഡൻഷ്യൽ പാലസിൽ സ്വീകരണം

* 12.20-ന് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച

* വൈകീട്ട് അഞ്ചിന് ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിൽ മുസ്‌ലിം കൗൺസിൽ അംഗങ്ങളുമായി കൂടിക്കാഴ്ച

* വൈകീട്ട് 6.10-ന് മറീനയിലെ ഫൗണ്ടേഴ്‌സ് മെമ്മോറിയലിൽ ഇന്റർ റിലീജിയസ് സമ്മേളനം

അഞ്ച് ചൊവ്വ

* രാവിലെ 9.10-ന് അബുദാബിയിലെ ക്രിസ്ത്യൻ ദേവാലയത്തിൽ സന്ദർശനം (പേര് വെളിപ്പെടുത്തിയിട്ടില്ല)

* രാവിലെ 10.30-ന് സായിദ് സ്പോർട്‌സ് സിറ്റിയിൽ പൊതുസമ്മേളനം

* ഉച്ചയ്ക്ക് 12.40-ന് പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ യാത്രയയപ്പ്

* ഉച്ചയ്ക്ക് ഒന്നിന് റോമിലേക്ക് പുറപ്പെടും

* വൈകീട്ട് അഞ്ചിന് റോമിലെ സിയാംപിനോ ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിച്ചേരും.

content highlights: Pope to visit Abu Dhabi