അബുദാബി: ഫ്രാൻസിസ് മാർപാപ്പയും അൽ അഹ്‌സർ ഗ്രാൻസ് ഇമാം ഡോ. അഹമ്മദ് അൽ ത്വയ്യിബും ചേർന്ന് അനാച്ഛാദനം ചെയ്ത പുരാവസ്തുശേഖരം ലൂവ്ര്‌ അബുദാബിയിലെത്തുന്ന സന്ദർശകർക്ക് കാണാം. അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സർവസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

വ്യത്യസ്ത മതനേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങ് യു.എ.ഇ. മുന്നോട്ടുവെക്കുന്ന സഹിഷ്ണുതാ ആശയങ്ങൾ അടിവരയിടുന്നതാണെന്ന് സാംസ്കാരിക-വിനോദസഞ്ചാരവകുപ്പ് ചെയർമാൻ ഖലീഫ അൽ മുബാറഖ് പറഞ്ഞു.

ജർമനിയിലോ ഓസ്ട്രിയയിലോ പതിനാറാം നൂറ്റാണ്ടിൽ സൃഷ്ടിക്കപ്പെട്ട ക്രിസ്തുവിന്റെ മരത്തിൽ കൊത്തിയ ശില്പവും എ.ഡി 800-1000 കാലഘട്ടത്തിലെ ഖുഫിക് ലിപിയിലുള്ള വിഖ്യാത ബ്ലൂ ഖുർആൻ കൈയെഴുത്തുപ്രതിയുമാണ് അനാച്ഛാദനംചെയ്തത്.