അബുദാബി: മരത്തിൽ കൊത്തിയ മാർപാപ്പയുടെ ചിത്രം അദ്ദേഹത്തിന് തന്നെ സമ്മാനമായി നൽകാൻ കഴിഞ്ഞതിന്റെ അവിസ്മരണീയമായ അനുഭവത്തിന്റെ നിറവിലാണ് ഷാർജയിൽ ജോലി ചെയ്യുന്ന വയനാട് സ്വദേശി ബിനോയ് ക്രിസ്റ്റി ഡിസൂസ (27). കഴിഞ്ഞ നാല് വർഷമായി യു.എ.ഇയിലെത്തിയിട്ട്. നിനിച്ചിരിക്കാതെയാണ് മാർപാപ്പയുടെ യു.എ.ഇ. സന്ദർശന വാർത്തയറിയുന്നതും മാർപാപ്പയ്ക്ക് സമ്മാനിക്കണമെന്ന ആഗ്രഹത്തിൽ തന്നെ മരത്തിൽ മുഖം ചെത്തിയൊരുക്കുന്നതും. ഷാർജയിലെ മാർക്കറ്റിൽനിന്ന്‌ 35 ദിർഹത്തിന് വാങ്ങിയ ഒരു മരക്കഷ്ണത്തിൽ ഏഴ് ദിവസം കൊണ്ടാണ് മാർപാപ്പയുടെ മുഖമൊരുക്കിയത്. ജർമൻ ഗൾഫ് കമ്പനിയിൽ സെയിൽ കോ -ഓർഡിനേറ്ററായ ബിനോയ് ജോലി കഴിഞ്ഞെത്തിയാൽ രാത്രി ഒൻപത് മണി മുതലുള്ള സമയം ഇതിനായി വിനിയോഗിച്ചു. അൻപത് സെന്റീമീറ്റർ നീളവും 20 സെന്റീമീറ്റർ വീതിയുമാണ് ചിത്രത്തിനുള്ളത്.

കുർബാനയിൽ പങ്കെടുക്കാനായി അബുദാബി സ്റ്റേഡിയത്തിൽ എത്തുമ്പോൾ ഈ ചിത്രം മാർപാപ്പയ്ക്ക് സമ്മാനിക്കാൻ കഴിയണമെന്ന ആഗ്രഹമായിരുന്നു മനസ് നിറയെ. എന്നാൽ പലരും നടക്കാത്ത കാര്യമെന്ന് പറഞ്ഞ് ശ്രമങ്ങളെ നിരുത്സാഹപ്പെടുത്തിയിരുന്നു. സ്റ്റേഡിയത്തിലെത്തി സുരക്ഷാ പരിശോധനാ സമയം മുതൽ നിരവധി പ്രതിബന്ധങ്ങളുണ്ടായി. പുലർച്ചെ അഞ്ചര മുതൽ സ്റ്റേഡിയത്തിന് പുറത്ത് പലരെയും കണ്ട് ഇതിനെക്കുറിച്ച് സംസാരിച്ചെങ്കിലും കാര്യങ്ങൾ നടന്നില്ല.

ഒടുവിൽ സുരക്ഷാകരണങ്ങളാൽ ഈ ചിത്രം ക്യാമറ റൂമിൽ സൂക്ഷിച്ച് സ്റ്റേഡിയത്തിനകത്തേക്ക് പോകാനുള്ള നിർദേശം ഇദ്ദേഹത്തിന് സ്വീകരിക്കേണ്ടി വന്നു. ഇതെല്ലാം ശ്രദ്ധിച്ച ഒരു സ്പാനിഷ് മാധ്യമസംഘം കാര്യമന്വേഷിക്കുകയും മൊബൈലിൽ ഈ ചിത്രം കാണിച്ച് കൊടുക്കുകയും ചെയ്തു. പണ്ട് സെമിനാരിയിൽ പഠിച്ചിരുന്ന കാലത്ത് സ്‌പെയിനിൽനിന്നുവന്ന വൈദികർക്ക് കുരിശിൽ തറച്ച യേശുവിന്റെ രൂപം സമ്മാനമായി നൽകിയതും അത് സ്പെയിനിൽ ഒരു മ്യൂസിയത്തിൽ വെച്ചതുമെല്ലാം ബിനോയ് അവരോട് പറഞ്ഞു. അവർ ബിനോയിയുടെ ചിത്രം ക്യാമററൂമിൽനിന്ന് എടുപ്പിക്കുകയും ചാനലിൽ തത്സമയ സംപ്രേക്ഷണം നടത്തുകയും ചെയ്തു. മാർപാപ്പയ്ക്ക് ഇന്ത്യയുടെ സമ്മാനമെന്നാണ് ഈ ചെറുപ്പക്കാരൻ തന്റെ ചിത്രത്തെക്കുറിച്ച് പറഞ്ഞത്. ഇതെല്ലം ശ്രദ്ധയിൽപ്പെട്ട അബുദാബി പോലീസ് ഉദ്യോഗസ്ഥൻ മേലധികാരിയുമായി സംസാരിക്കുകയും മീഡിയ വിഭാഗവുമായി ആലോചിച്ച ശേഷം മാർപാപ്പയുടെ സെക്രട്ടറി വഴി നൽകാൻ അനുമതി നൽകുകയും ചെയ്തു. ഓരോ പ്രതിബന്ധങ്ങൾ മുന്നിലുണ്ടായപ്പോഴും മാതാവിനോട് പ്രാർഥിക്കുകയും ശ്രമം വീണ്ടും തുടരുകയുമായിരുന്നുവെന്നും ബിനോയ് പറഞ്ഞു. മനസ്സർപ്പിച്ച് ചെയ്ത ആ ചിത്രം അദ്ദേഹത്തിന് തന്നെ കൈമാറാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി ബിനോയ് നെഞ്ചിലേറ്റുന്നു.

content highlights: pope francis-uae visit,binoy