അബുദാബി: കത്തോലിക്കാ സഭയിൽ കന്യാസ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് ഫ്രാൻസിസ് മാർപാപ്പ. 

യു.എ.ഇ.യിലെ മൂന്ന് ദിവസത്തെ പര്യടനത്തിനു ശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രയിൽ വിമാനത്തിൽ ഒപ്പം സഞ്ചരിച്ച മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം സംഭവങ്ങളിലൊന്നിൽ കന്യാസ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ചിരുന്ന കാര്യവും മാർപാപ്പ വെളിപ്പെടുത്തി. കന്യാസ്ത്രീകൾക്ക് നേരെ വൈദികരിൽ നിന്നുണ്ടാവുന്ന പീഡനത്തെക്കുറിച്ച് ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു പാപ്പയുടെ പ്രതികരണം.

സഭയിലെ എല്ലാവരെയും ഇത്തരത്തിൽ കരുതാനാവില്ല. എന്നാൽ, ചില വൈദികരുടെയും ബിഷപ്പുമാരുടെയും ചെയ്തികളെക്കുറിച്ച് പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പ്രശ്നങ്ങളും പരാതികളും ഫലപ്രദമായി കൈകാര്യംചെയ്യാനുള്ള ശ്രമം നടന്നുവരികയാണ്. ആ ശ്രമം ഇപ്പോഴും തുടരുന്നതായും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

കന്യാസ്ത്രീകളെ പുരോഹിതർ ലൈംഗിക അടിമകളാക്കി വെച്ച സംഭവത്തെ തുടർന്ന് ഒരു സന്ന്യാസസഭ അപ്പാടെ പിരിച്ചുവിടാൻ തന്റെ മുൻഗാമിയായ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നിർബന്ധിതനായി. കന്യാസ്ത്രീകൾക്കെതിരേ നടക്കുന്ന പീഡനങ്ങൾ സഭയുടെ മുന്നിലുള്ള പ്രശ്നം തന്നെയാണ്. സ്ത്രീകളെ രണ്ടാം തരക്കാരായി വീക്ഷിക്കുന്നതാണ് ഇതിന്റെ അടിസ്ഥാന കാരണം. സംസ്കാരത്തിന്റെ വിഷയമാണത്. ലൈംഗികപീഡനം സംബന്ധിച്ച ആക്ഷേപങ്ങൾ ശരിയല്ലെന്ന് പറയാനില്ല. കാരണം അത് തുടരുന്ന യാഥാർഥ്യം തന്നെയാണ്. പീഡനത്തിന്റെയും ലൈംഗിക ചൂഷണത്തിന്റെയും അടിസ്ഥാനത്തിൽ ഒട്ടേറെ വൈദികരെ സസ്പെൻഡ് ചെയ്യേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴും ഇത്തരം പ്രശ്നങ്ങളും പരാതികളും തുടരുന്നു. എല്ലായിടത്തും ഇത്തരം കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും പുതിയ സഭകളിലും കോൺഗ്രിഗേഷനുകളിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നതെന്നും മാർപാപ്പ പറഞ്ഞു.

2005-ൽ ഫ്രാൻസിലെ ഒരു സന്ന്യാസിസഭയെ ആണ് പീഡന പരാതികളുടെ അടിസ്ഥാനത്തിൽ ബെനഡിക്ട് മാർപാപ്പ പിരിച്ചുവിട്ടത്.