അബുദാബി: പ്ലാസ്റ്റിക് പുനരുപയോഗമെന്ന വലിയ സന്ദേശവുമായി പരിസ്ഥിതിസംരക്ഷണത്തിനായി പത്തുവയസ്സുകാരന്റെ സജീവമായ ഇടപെടൽ. അശാസ്ത്രീയമായ പ്ലാസ്റ്റിക് നിർമാർജന രീതികളും അതുണ്ടാക്കുന്ന സാമൂഹിക വിപത്തുകളുമാണ് ജെംസ് ഇന്റർനാഷണൽ സ്കൂളിലെ ആറാംതരം വിദ്യാർഥിയായ സായ്‌നാഥ് മണികണ്ഠൻ തന്റെ പ്രവർത്തനങ്ങളിലൂടെ വിശദമാക്കുന്നത്.

എമിറേറ്റ്‌സ് പരിസ്ഥിതി ഗ്രൂപ്പിലെ സജീവ അംഗവും പ്ലാസ്റ്റിക് ഉപഭോഗത്തെക്കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനമായ ‘ഡ്രോപ്പ് ഇറ്റ് യൂത്ത് കാമ്പയിൻ അംബാസിഡറുമായ സായ്‌നാഥ് ക്ലാസിലെ കൂട്ടൂകാരുമായി ചേർന്നാണ് ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നത്. ഈ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഡയാന അവാർഡ് 2018-ഉം ഈ മിടുക്കനെ തേടിയെത്തിയിരുന്നു.

സഹപാഠികളായ മുഹമ്മദ് റെയ്ഹാൻ, യൂസഫ് അഹമ്മദ്, അലെക്സിയോ സിനു ചെറ്റിയാത്ത് തുടങ്ങിയവരാണ് സജീവമായി കൂടെയുള്ളത്. പ്ലാസ്റ്റിക് മാലിന്യമുണ്ടാക്കുന്ന വിപത്തുകൾ, അവ പ്രകൃതിക്കും മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും ഏതെല്ലാം വിധത്തിൽ ബുദ്ധിമുട്ടുണ്ടാക്കുന്നു എന്നിവയെല്ലാം കാർട്ടൂണുകളിലൂടെയും കഥകളിലൂടെയും കുട്ടി സംഘം മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുന്നു.

എട്ട് വയസ്സുകാരിയായ സഹോദരി സായ് സഹനയും ഇത്തരം പ്രവർത്തനങ്ങളിൽ സജീവമാണ്. പ്ലാസ്റ്റിക് പാത്രങ്ങൾ, സ്‌ട്രോകൾ, കപ്പുകൾ, സ്പൂണുകൾ എന്നിവയുടെ ഉപയോഗം കുറച്ച് പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിർമിച്ച വസ്തുക്കളാണ് ഇവർ ഉപയോഗിക്കുന്നത്. സെപ്റ്റംബർ മുതൽ മരങ്ങൾ വച്ച് പിടിപ്പിക്കുന്ന പദ്ധതികളും സംഘത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കും.