അബുദാബി: മുത്തലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് തനിക്കെതിരേനടക്കുന്ന പ്രചാരണം വസ്തുതാപരമായി ശരിയല്ലെന്ന് മുസ്‌ലിം ലീഗ് ദേശീയജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ദുബായിൽ പറഞ്ഞു.

ബിൽ രണ്ടാംവട്ടം ലോക്‌സഭയിൽ വരുമ്പോൾ ചർച്ചയ്ക്കു ശേഷം ബഹിഷ്കരിക്കാനാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള കക്ഷികൾ തീരുമാനിച്ചിരുന്നത്. എന്നാൽ ചിലകക്ഷികൾ വോട്ടെടുപ്പിൽ പങ്കെടുക്കാൻ പെട്ടന്ന് തീരുമാനിച്ചപ്പോൾ ലീഗും പ്രതിഷേധവോട്ടിന് അനുകൂലമായി ചിന്തിച്ചു. അപ്പോൾത്തന്നെ ഇ.ടി. മുഹമ്മദ് ബഷീർ എം.പി.യും താനും കൂടിയാലോചിച്ച്‌ തീരുമാനിക്കുകയാണുണ്ടായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുഹമ്മദ് ബഷീർ വോട്ടെടുപ്പിൽ പങ്കെടുക്കുകയും ചെയ്തു. ബഹിഷ്കരണതീരുമാനം മാത്രമായതിനാലാണ് മറ്റു പല അത്യാവശ്യങ്ങളുള്ളതിനാൽ പാർലമെന്റിൽ താൻ ഹാജരാവാതിരുന്നത്. പ്രതിഷേധവോട്ട് പെട്ടെന്നെടുത്ത തീരുമാനമായതിനാലാണ് എതിർത്ത് വോട്ട് ചെയ്യാൻ 11 പേർ മാത്രമായത്. പൂർണമായ നിലയ്ക്കുള്ള വോട്ടെടുപ്പല്ല അവിടെ നടന്നത്. വസ്തുത ഇതായിരിക്കെ, കുപ്രചാരണമാണ് ചില കേന്ദ്രങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.