അബുദാബി: അക്രമ രാഷ്ട്രീയത്തിനെതിരേ ആഞ്ഞടിച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയുക്ത പാര്‍ലമെന്റ് അംഗവുമായ പി.കെ. കുഞ്ഞാലിക്കുട്ടി. പക്വതയില്ലായ്മയുടെ ഫലമാണ് ജനങ്ങള്‍ വെറുക്കുന്ന അക്രമരാഷ്ട്രീയം. തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണത്. ലോക ചിന്താഗതി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് അക്രമ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സംഘടനകളെ ജനങ്ങള്‍ എഴുതിത്തള്ളണമെന്നും അദ്ദേഹം പറഞ്ഞു.

യു.എ.ഇ., കെ.എം.സി.സി.യും അബുദാബി കെ.എം.സി.സി.യും ചേര്‍ന്ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. മുസ്‌ലിം ലീഗിന് സ്വാധീനമുള്ള മേഖലകളിലൊന്നും അക്രമ രാഷ്ട്രീയമില്ല. അക്രമം നടത്തുന്ന പാര്‍ട്ടികളെ പേരെടുത്ത് പറയാത്തത് താന്‍ പ്രസംഗിക്കുന്നത് ഒരു വിദേശ രാജ്യത്തായതിനാലാണെന്നും അദ്ദേഹം പറഞ്ഞു.
 
രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് സമൂഹം മാറിയോ എന്നാണ് നോക്കേണ്ടത്. കേരളത്തില്‍ വര്‍ഗീയതയും വിഭാഗീയതയുമില്ല. ഇപ്പോള്‍ പലരും വിഭാഗീയതയുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. പണ്ട് പലരും ശ്രമിച്ച് പരാജയപ്പെട്ടതു പോലെ ഇവരും പരാജയപ്പെടും. നാടിന്റെ മുഖച്ഛായ മാറ്റാന്‍ പ്രവാസികളുടെ കൂട്ടായ്മകള്‍ക്ക് സാധിച്ചിട്ടുണ്ട്. നാട്ടിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ നടക്കണമെങ്കില്‍ പ്രവാസികളെ പ്രോത്സാഹിപ്പിക്കണം. അതിനാണ് താന്‍ ഇവിടെ വന്നതെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കെ.എം.സി.സി., യു.എ.ഇ. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി എളേറ്റില്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് പുത്തൂര്‍ റഹ്മാന്‍ ഉദ്ഘാടനംചെയ്തു. കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ഖജാന്‍ജി യു. അബ്ദുല്ല ഫാറൂഖി, ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി കരപ്പത്ത് ഉസ്മാന്‍, യു.എ.ഇ.  പ്രസിഡന്റ് വൈ. സുധീര്‍ കുമാര്‍ ഷെട്ടി, സി.വി.എം. വാണിമേല്‍, ഒളവട്ടൂര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. അബുദാബി കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ അലി കല്ലുങ്കല്‍ സ്വാഗതവും ഖജാന്‍ജി സമീര്‍ നന്ദിയും പറഞ്ഞു.