ദുബായ്: ശസ്ത്രക്രിയക്ക് മുമ്പ് രോഗിയുടെ ത്രീ ഡി പ്രിന്റ് തയ്യാറാക്കുന്ന സാങ്കേതിക വിദ്യയുമായി ദുബായ് ഹെൽത്ത് അതോറിറ്റി. അതോറിറ്റിക്ക് കീഴിലുള്ള ലത്തീഫ, റാഷിദിയ, ദുബായ്, ഹത്ത ആശുപത്രികളിൽ ഈ നൂതന സാങ്കേതിക സൗകര്യം ലഭ്യമായിരിക്കും.

രോഗിയുടെ ശരീരഘടനാപരമായ മാതൃക ഒരുക്കാൻ മെഡിക്കൽ പ്രൊഫഷണലുകളെ ഈ നൂതന സാങ്കേതികവിദ്യ പ്രാപ്തമാക്കുമെന്ന് ഡി.എച്ച്.എ. ഹെൽത്ത് ഇന്നൊവേഷൻ സെന്റർ ഡയറക്ടർ മായ് അൽ ദൊസാരി പറഞ്ഞു. അവർക്ക് ശസ്ത്രക്രിയയ്ക്ക് മുമ്പുതന്നെ വിശദമായ വിശകലനം നടത്താനും രോഗികളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. സി.ടി. അല്ലെങ്കിൽ എം.ആർ.ഐ. സ്കാനിൽനിന്ന് രോഗിയുടെ ഡേറ്റ ഏറ്റെടുത്താണ് ത്രീ ഡി പ്രിന്റിങ് സാധ്യമാക്കുന്നത്. ആദ്യം രോഗിയുടെ ഡേറ്റ മെഡിക്കൽ ഇമേജ് സെഗ്‌മെൻറേഷൻ സോഫ്റ്റ്‌വെയറിലേക്ക് മാറ്റും. ഈ ഡിജിറ്റൽ മോഡൽ പിന്നീട് ത്രീ ഡി പ്രിന്റ് ചെയ്യാവുന്ന ഫയലാക്കി പരിവർത്തനം ചെയ്യും. ലാബിലെ അത്യാധുനിക പ്രിന്ററുകൾ ഉപയോഗിച്ച് ത്രീ ഡി പ്രിന്റ് നിർമിക്കുകയും ചെയ്യുന്നു.

മെച്ചപ്പെട്ട രോഗീപരിചരണം എന്ന ലക്ഷ്യത്തോടെ ആരോഗ്യമേഖലയിൽ നടപ്പാക്കുന്ന ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണിത്. കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഈ സാങ്കേതികവിദ്യ സഹായിക്കുന്നു. ത്രീ ഡി ലാബ് പ്രവർത്തിപ്പിക്കുന്നതിന് സിൻടെറെക്‌സ് കമ്പനിയാണ് സാങ്കേതിക വിദ്യ കൈമാറുന്നത്. ഇതിനായി ബയോമെഡിക്കൽ എൻജിനിയർമാരെ വിന്യസിച്ചു. സൈറ്റിൽ ബയോമെഡിക്കൽ എൻജിനിയർമാരുണ്ടാകുകയും മെഡിക്കൽ പ്രൊഫഷണലുകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുമെന്നു സിൻടെറെക്‌സ് മാനേജിങ് ഡയറക്ടർ ജൂലിയൻ കാലാനൻ വിശദീകരിച്ചു.

ഓപ്പറേഷൻ തിയേറ്ററിൽ ചെലവഴിക്കുന്ന സമയം കുറച്ചുകൊണ്ട് ശസ്ത്രക്രിയയ്ക്കുള്ള ചെലവ് ലാഭിക്കാനും പുതിയ സാങ്കേതിക വിദ്യയിലൂടെ കഴിയുമെന്ന് കണക്കാക്കിയിട്ടുണ്ട്. 2030-ഓടെ ആഗോള ത്രീ ഡി പ്രിന്റിങ് ടെക്‌നോളജി ഹബ്ബായി മാറാനുള്ള ദുബായിയുടെ ശ്രമത്തിനു വലിയ ഊർജം നൽകുന്നതാണ് ഡി.എച്ച്.എ.യുടെ ഈ പദ്ധതി.

Content Highlight:  Patient 3D printing before surgery in Dubai