ഷാർജ : ചാവക്കാട്ടുനിന്നും പത്തേമാരിയിൽ ഫുജൈറയിലേക്ക് ജീവിതം തുഴഞ്ഞെത്തിയ തൃശ്ശൂർ തൊയക്കാവ് സ്വദേശി മുഹമ്മദ് അബ്ദുൽഖാദർ പുത്തൻവീട്ടിൽ (72) വിടവാങ്ങി.

ശനിയാഴ്ച ഷാർജ യൂണിവേഴ്‌സിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. 48 വർഷത്തെ പ്രവാസജീവിതത്തിൽ 38 വർഷവും ജോലിചെയ്തത് ഷാർജ ഫിനാൻസ് വകുപ്പിലായിരുന്നു.

കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്നവർക്ക് ആഹാരവും മരുന്നുമെത്തിച്ചും പ്രവാസികളുടെ പ്രിയപ്പെട്ട ‘മുഹമ്മദ്ക്ക’ സേവനപാതയിൽ വേറിട്ട പ്രവർത്തനം കാഴ്ചവെച്ചു. നാട്ടിൽനിന്നെത്തിയ ആളുകൾക്ക് തൊഴിൽ നൽകിയും നാട്ടിലേക്ക് തിരിച്ചുപോകാൻ സഹായം ചെയ്തും കരുണയുടെ മാതൃകയായി കുടുംബത്തോടൊപ്പം ഷാർജയിലാണ് താമസിച്ചിരുന്നത്.

കബറടക്കം ഷാർജയിൽത്തന്നെ നടന്നു. ഭാര്യ: സുലൈഖ. മക്കൾ: താഹിർ, താജുദ്ദീൻ. പരേതനായ അബ്ദുൽ ഖാദറിന്റെയും കുഞ്ഞാലിമയുടെയും മകനാണ്. സഹോദരങ്ങൾ: ഹംസ, ഖാലിദ്, ഉമ്മർ, അബാസ്, സൈനബ.