ഷാർജ: അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ യഥേഷ്ടം വാഹനങ്ങൾ പാർക്ക് ചെയ്താൽ കർശനനടപടി സ്വീകരിക്കുമെന്ന് ഷാർജ പോലീസിന്റെ മുന്നറിയിപ്പ്. റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരേയും നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ഷാർജ പോലീസ് അറിയിച്ചു.

ട്രാഫിക്ക് നിയമങ്ങളുടെ എക്സിക്യുട്ടീവ് ചട്ടം 98 പ്രകാരം ഗതാഗതതടസ്സം സൃഷ്ടിച്ചാൽ നിയമലംഘകർക്ക് 500 ദിർഹം പിഴയീടാക്കും. റോഡരികിൽ തെറ്റായരീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതടക്കം ഗതാഗത നിയമലംഘനത്തിൽ ഉൾപ്പെടുത്തും.

കൂടാതെ സർവീസ് റോഡുകളിലും ഇടുങ്ങിയ വഴികളിലും കടകളുടേയും മറ്റ് സ്ഥാപനങ്ങളുടേയും മുന്നിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതും നിയമനടപടികൾ സ്വീകരിക്കുന്നതിന് ഇടവരുത്തുമെന്ന് ഷാർജ പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, ഇത്തരം ഗതാഗത നിയമ ലംഘനങ്ങൾക്കെതിരേ ബോധവത്കരണവുമായി ഷാർജ പോലീസ് വീഡിയോ സന്ദേശവും നൽകിയിട്ടുണ്ട്.

Content Highlights: parking in sharjah