ഷാർജ: ജീവിതത്തിൽ ആശ്രയമാകേണ്ട മകൻ ഷോക്കേറ്റ് പിടഞ്ഞുമരിച്ചതിനേക്കൾ നിർഭാഗ്യമാണ് മരണത്തിന് ഉത്തരവാദികളായവർ മരിച്ചയാൾക്ക് നീതി നിഷേധിക്കുന്നതും. എന്നിട്ടും പ്രതീക്ഷയോടെ നീതിയുടെ വാതിലിൽ മുട്ടുകയാണ് പ്രവാസിയായ ഈ അച്ഛൻ. മകന്റെ ദാരുണാന്ത്യത്തിന് കാരണക്കാരായവർക്കെതിരേ അവസാന അഭയമായ കോടതിയിൽനിന്ന് നീതി കിട്ടുമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് ചങ്ങനാശ്ശേരി സ്വദേശിയായ നാലുകോടി പണിക്കൻപറമ്പിൽ ദേവസ്യ തോമസ് (ബിജി തോമസ്).

ദേവസ്യയുടെ മകൻ റോബിൻ ഡി. തോമസ് (17) 2017 മേയ് 21-ന് ഡൽഹിയിൽവെച്ചാണ് പൊട്ടിവീണ വൈദ്യുത കമ്പിയിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. ഡൽഹി സെന്റ് സേവ്യേഴ്‌സ് സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായിരുന്നു. സ്കൂളിനടുത്തുള്ള ദിൽഷാദ് ഗാർഡൻ ജി.ടി.ബി. എൻക്ലേവ് പോക്കറ്റ് എ ഏരിയയിൽ താമസിച്ച് പഠിക്കുകയിരുന്നു. കായികരംഗത്ത് ഏറെ സമ്മാനങ്ങൾ നേടിയ റോബിൻ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽവെച്ചാണ് അപകടം സംഭവിച്ചത്. 20 മിനിറ്റ് കഴിഞ്ഞാണ് ഷോക്കേറ്റ റോബിനെ ആശുപത്രിയിൽ എത്തിക്കാനായത്. അപ്പോഴേക്കും മരിച്ചിരുന്നു.

റോബിന് ഷോക്കേറ്റപ്പോൾ രക്ഷിക്കാനായി കൂടെ പഠിക്കുന്ന കുട്ടികൾ പലരേയും സഹായത്തിന് വിളിച്ചെങ്കിലും ആരും എത്തിയില്ലെന്ന് കോടതിയിൽ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. അപകടാവസ്ഥയിലായ വൈദ്യുത ലൈൻ മാറ്റണമെന്നാവശ്യപ്പെട്ട് റെസിഡന്റ് വെൽഫെയർ അസോസിയേഷൻ വൈദ്യതി വകുപ്പധികൃതർക്ക് നേരത്തെ നിവേദനം നൽകിയിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. എന്നാൽ റോബിന് അപകടം സംഭവിച്ചതിന്റെ തൊട്ടടുത്ത ദിവസം വൈദ്യുതി ലൈൻ മാറ്റി ഭൂമിക്കടിയിലൂടെ കേബിൾ സ്ഥാപിച്ചെന്ന് ദേവസ്യ പറഞ്ഞു.

സുരക്ഷാസംവിധാനത്തിലെ പാളിച്ചയാണ് റോബിന്റെ മരണത്തിന് കാരണമായതെന്ന് ദേവസ്യയുടെ പരാതിയിലുണ്ട്. അതേസമയം, ഡൽഹി വൈദ്യുതി വകുപ്പധികൃതർ തങ്ങളുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് സമീപിച്ചിരിക്കുകയാണെന്ന് ദേവസ്യയുടെ ഡൽഹിയിലുള്ള അഭിഭാഷകൻ കോട്ടയം പാലാ സ്വദേശി അഡ്വ.വിൽസ് മാത്യു പറഞ്ഞു.

20 വർഷമായി ഷാർജയിൽ കഴിയുന്ന ദേവസ്യ രണ്ടുവർഷമായി സ്വന്തമായി പ്രിന്റിങ് ബിസിനസ് ചെയ്യുകയാണ്. ഭാര്യ റീന ഡൽഹി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സാണ്. മകൾ റീബ ഡൽഹിയിൽ പഠിക്കുന്നു.