ദുബായ്: സെർബിയൻ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് സ്ഥിരതാമസാനുമതി രേഖയായ ഗോൾഡ് കാർഡ് വിസ നൽകി യു.എ.ഇ.

ഓരോ പത്തുവർഷം കൂടുമ്പോഴും താമസരേഖ പുതുക്കി നൽകുന്നതാണ് ഗോൾഡ് കാർഡ്. ഡബ്ല്യു.ടി.എ. ഇവന്റിന് ശേഷം അടുത്തയാഴ്ച നടക്കുന്ന എ.ടി.പി. ദുബായ് ഡ്യൂട്ടി ഫ്രീ പുരുഷ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനിരിക്കുകയാണ് താരം. നേരത്തെ ഫുട്‌ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും യു.എ.ഇ. ഗോൾഡ് കാർഡ് വിസ നൽകിയിരുന്നു. 2019 ഡിസംബറിൽ ദുബായ് ഗ്ലോബ് സോക്കർ അവാർഡ് നേടിയ താരം കഴിഞ്ഞ കുറേ വർഷങ്ങളായി യു.എ.ഇ.യിലെ പതിവ് സന്ദർശകനാണ്.

യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലുള്ള യു.എ.ഇ. മന്ത്രിസഭ ഈ മാസം ആദ്യ വാരത്തിൽ മികച്ച കായികതാരങ്ങൾക്ക് ഗോൾഡ് കാർഡ് വിസ നൽകാൻ അനുമതി നൽകിയിരുന്നു. മുൻനിര കായികതാരങ്ങളായ ദ്രോഗ്ബ, റോജർ ഫെഡറർ, എറിക് അബിദാൽ എന്നിവരും യു.എ.ഇ. ഗോൾഡ് കാർഡ് പട്ടികയിൽ വരുമെന്നാണ് പ്രതീക്ഷ.

Content Highlights: Novak got UAE gold card  visa