തിരുവനന്തപുരം: പ്രവാസ ജീവിതത്തിന് ശേഷം തിരികെയെത്തിയവര്‍ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ താഴെയുളള പ്രവാസിമലയാളികള്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമാണ് സഹായം ലഭ്യമാവുന്നത്. 

ചികിത്സക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00,000 രൂപ വരെയും പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000രൂപ വരെയും ലഭിക്കും. പ്രവാസിയുടെ കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ വരെയും ഒറ്റ തവണയായി സഹായം നല്‍കി വരുന്നു. 

ഈ സാമ്പത്തിക വര്‍ഷം 15.63 കോടി രൂപ 2483 ഗുണഭോക്താക്കള്‍ക്കായി ഇതുവരെ  വിതരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം-350, കൊല്ലം-380, പത്തനംതിട്ട-130, ആലപ്പുഴ-140, കോട്ടയം-77, ഇടുക്കി-2, എറണാകുളം-120, തൃശ്ശൂര്‍-444, പാലക്കാട്-160, വയനാട്-5, കോഴിക്കോട്-215, കണ്ണൂര്‍-100, മലപ്പുറം-300, കാസര്‍ഗോഡ്-60 എന്നിങ്ങനെയാണ് ഈ സാമ്പത്തിക വര്‍ഷം ഗുണഭോക്താക്കളുടെ ജില്ല തിരിച്ചുള്ള കണക്ക്. 

പദ്ധതിയുടെ വിശദാംശങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കാനും www.norkaroots.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. വിശദാംശങ്ങള്‍ക്ക് 1800-425-3939 എന്ന ടോള്‍ ഫ്രീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Contente Highlights: norka roots santhwana scheme