ഷാർജ: സമൂഹത്തിൽ വനിതകളുടെ കലാസാംസ്കാരിക അഭിരുചികളെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനായി പ്രഖ്യാപിച്ച നൂൺ ആർട്‌സ് അവാർഡുകൾ ഷാർജയിൽ വിതരണം ചെയ്തു.

സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ഷാർജ ലേഡീസ് ക്ലബ്ബ് (എസ്.എൽ.സി.) ആണ് അവാർഡുകൾക്കായി മത്സരം സംഘടിപ്പിച്ചത്. അവാർഡ് ജേതാക്കളെ ഷാർജ ലേഡീസ് ക്ലബ്ബ് മുഖ്യ രക്ഷാധികാരികൂടിയായ ശൈഖ്‌ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമി ആദരിച്ചു. ഇത് രണ്ടാം തവണയാണ് മത്സരവിജയികളായ വനിതകളെ ഷാർജ ലേഡീസ് ക്ലബ്ബ് അവാർഡുകൾ നൽകി ആദരിക്കുന്നത്.

യു.എ.ഇ.യിൽ താമസിക്കുന്ന 34 രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരങ്ങളുടെ പ്രമേയം ‘ഭാവങ്ങളുടെ ലോകം’ എന്നതായിരുന്നു. 18-നും 40-നുമിടയിൽ പ്രായമുള്ളവരായിരുന്നു മത്സരാർഥികൾ. ഫോട്ടോഗ്രാഫി, പെയിന്റിങ് തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളാണ് സംഘടിപ്പിച്ചത്. സമൂഹത്തിന്റെ കെട്ടുപാടുകളിൽനിന്ന് സ്വാതന്ത്ര്യം നേടുന്ന സ്ത്രീകളുടെ ജീവിതത്തെ ആസ്പദമാക്കി ഹിന്ദ് ഖാലിദ് ഹസ്സൻ സലേഹ് ഹസ്സൻ വരച്ച ‘സെറ്റ് മീ ഫ്രീ’ എന്ന പെയിന്റിങ് അവാർഡ് നേടി. വനിതകളുടെ തയ്യൽ അടക്കമുള്ള കരകൗശല വേലകളെ അടിസ്ഥാനമാക്കി ഫാത്തിമ ഗൂലോം വരച്ച പെയിന്റിങ്ങും അവാർഡ് നേടിയവയിൽ ഉൾപ്പെടുന്നു.

ഫോട്ടോഗ്രാഫി വിഭാഗത്തിൽ മറിയം സൈഫ് മൂസാബിഹ് അൽ സുവൈദിയാണ് വിജയിയായത്. ശൈഖ് സായിദിന്റെ ദർശനങ്ങൾ പ്രതിഫലിക്കുന്ന കലാവിരുന്നുകളും ഷാർജയിൽ മത്സരത്തിനായി ഒരുക്കിയിരുന്നു.