ഷാർജ: തല ചായ്ക്കുന്നത് റോഡരികിലെ കാർ പാർക്കിങ്ങിന്റെ ഓരത്ത്. ആരെങ്കിലും വല്ലപ്പോഴും നൽകുന്ന ഭക്ഷണപ്പൊതിയിൽ പ്രതീക്ഷ. ദിവസങ്ങളായി കുളിച്ചിട്ടില്ല. ഇതും പ്രവാസമാണ്.

തമിഴ്‌നാട്ടിലെ വിരുതാചലം സ്വദേശികളായ കനകസബ, ഉദയശങ്കർ, താനുവേൽ, കലൈവാൻ, കലൈവാൻ ഗണേഷ്, തനികവെൽ, അരുൺ കുമാർ എന്നീ തൊഴിലാളികളാണ് ഷാർജയിൽ ദുരിതജീവിതം നയിക്കുന്നത്. ഷാർജ വ്യവസായമേഖല ആറിലെ കാർ പാർക്കിനുസമീപത്തുള്ള മണ്ണിലാണ് ഈ തൊഴിലാളികൾ 22 ദിവസമായി കഴിയുന്നത്. ചൂടുള്ള ഇഷ്ടികയുടെ മുകളിൽ കിടന്നതിനാൽ ശരീരമാസകലം വേദനയാണെന്ന് തൊഴിലാളികൾ പറഞ്ഞു. 80,000 രൂപ മുതൽ ഒരുലക്ഷം രൂപവരെ ഏജന്റിന് നൽകിയാണ് ദുബായിലുള്ള മാൻപവർ സപ്ലൈ കമ്പനിയിൽ ഈ തൊഴിലാളികളെത്തിയത്. പലരും കടം വാങ്ങിയും കിടപ്പാടം പണയപ്പെടുത്തിയുമാണ് ഏജന്റിന് പണം നൽകിയത്. ഡിസംബറിലാണ് നാട്ടിൽനിന്നുമെത്തിയത്. തമിഴ്‌നാട് സ്വദേശികളുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നാലുമാസത്തോളം കഠിനമായി ജോലിചെയ്ത ഇവർക്ക് ശമ്പളമായി നൽകിയത് ഓരോരാൾക്കും 280 ദിർഹം. ജോലിക്കുപോയില്ലെങ്കിൽ കമ്പനി അധികൃതരുടെ പീഡനവും സഹിക്കേണ്ടിവന്നുവെന്ന് തൊഴിലാളികൾ പറയുന്നു. പലർക്കും ശരീരത്തിൽ മർദനമേറ്റ പാടുണ്ട്.

ജോലിചെയ്ത ശമ്പളം കിട്ടാതായപ്പോൾ തൊഴിലാളികൾ തൊഴിൽവകുപ്പിൽ പരാതി നൽകി. പരാതി നൽകിയതോടെ ഇവരെ ഷാർജ വ്യവസായ മേഖലയിലെ ലേബർക്യാമ്പിൽ നിന്ന് അധികൃതർ പുറത്താക്കുകയും ചെയ്തു. അതോടെയാണ് ഈ തൊഴിലാളികൾ തെരുവിലായത്.

തൊട്ടടുത്ത മലയാളിയായ കഫ്റ്റെറിയ ജീവനക്കാരനാണ് രാത്രിയിലെ ബാക്കിവരുന്ന ഭക്ഷണം കൊടുത്ത് ഇവരുടെ ജീവൻ നിലനിർത്തിയത്. പ്രാഥമികകർമം നടത്താൻപോലും ഇടമില്ല. മനുഷ്യരായി ജനിച്ചുപോയില്ലേ, പട്ടിയും പൂച്ചയുമായിരുന്നെങ്കിൽ എങ്ങനെയെങ്കിലും ജീവിക്കാമായിരുന്നുവെന്ന് തൊഴിലാളികൾ വിതുമ്പിക്കൊണ്ട് പറയുന്നു.

ദുരിതജീവിതമറിഞ്ഞ ഷാർജയിലെ കെ.എം.സി.സി. ഭാരവാഹി മഹമ്മൂദ് അലവി ചൊവ്വാഴ്ച തൊഴിലാളികളേയും കൂട്ടി ഇന്ത്യൻ അസോസിയേഷനിലെത്തി. അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൺ പ്രശ്നത്തിൽ ഇടപെട്ടതോടെ നേരിയ പ്രതീക്ഷയിലാണ് ഇവർ.

Content Highlights: no food, shelter Indian Workers in Sharjah suffering by worst conditions